അഭിമന്യു വധക്കേസ്; പിടിയിലായവരെല്ലാം പ്രധാന പ്രതികളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായവരെല്ലാം പ്രധാന പ്രതികളെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എം.ബി.ദിനേശ്. കേസുമായി ബന്ധമുള്ള എല്ലാ പ്രതികളെയും കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് ഏഴുപേരാണ്. ഒരു പ്രതിയുടെ അറസ്റ്റ് കൂടി രണ്ട് ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തുമെന്നും കേസിലെ മറ്റ് പ്രതികള്‍ വിദേശത്തേക്ക് കടന്നോയെന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു

പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ലെന്നും കേസന്വേഷണം ഇഴയുകയാണെന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് കമ്മീഷണര്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഇനിയും പിടിയിലാവാനുള്ള പ്രതികള്‍ക്കായി അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അഭിമന്യു വധക്കേസില്‍ നേരിട്ട് പങ്കെടുത്ത ആറ് നെട്ടൂര്‍ സ്വദേശികളെയാണ് ഇനി പിടികൂടാനുള്ളത്.

Top