പൊലീസിന്റെ മനോവീര്യം എവിടെ ? ഈ പോക്കു പോയാൽ എല്ലാം തകരും

കൊലക്കേസിലെ പ്രതികളുടെ ദേഹത്തു പോലും ‘കൈ’ വയ്ക്കാന്‍ പറ്റാത്ത കേരള പൊലീസിന്റെ നിസഹായതക്ക് കൊടുക്കേണ്ടി വന്ന വിലയാണ് കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷന് മുന്നിലിട്ട സംഭവം.

കൊടും ക്രിമിനലുകളെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചാല്‍ പോലും അതിനെ ചോദ്യം ചെയ്ത് രംഗത്തു വരുവാനും പൊലീസിനെ കോടതി കയറ്റാനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാത്രമല്ല രാഷ്ട്രീയ നേതൃത്വവും മത്സരിക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. ഇതു മൂലം തൊപ്പി തെറിച്ചവരും ജയിലിലാവുകയും ചെയ്ത പൊലീസുദ്യോഗസ്ഥരും നിരവധിയാണ്. ഈ ഘട്ടത്തില്‍ ഒന്നും മേലുദ്യോഗസ്ഥരുടെ മാത്രമല്ല സര്‍ക്കാറിന്റെയും സഹായങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാറില്ല.

മേലുദ്യോഗസ്ഥരുടെ പ്രേരണയില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ച സംഭവങ്ങളിലും പലയിടത്തും കീഴുദ്യോഗസ്ഥരാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. എറണാകുളം റൂറല്‍, ഇടുക്കി, ജില്ലകളില്‍ മുന്‍പുണ്ടായ വിവാദമായ ലോക്കപ്പ് മരണങ്ങളില്‍ എസ്.പിമാര്‍ക്കെതിരെ കടുത്ത ഒരു നടപടിയും ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതും പൊലീസ് സേനയെ കടുത്ത നടപടിയില്‍ നിന്നും പിറകോട്ടടിപ്പിക്കുന്ന ഘടകമാണ്.

മേലുദ്യോഗസ്ഥരുടെ വാക്ക് കേട്ട് പ്രവര്‍ത്തിച്ചാല്‍ തൊപ്പി തെറിക്കുമെന്ന് മാത്രമല്ല ജയിലിലാവുകയും ചെയ്യുമെന്ന ഭീതി പൊലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപകമായി ഉണ്ട്. സ്‌റ്റേഷന്റെ ചുമതല എസ്.ഐമാരില്‍ നിന്നും എടുത്ത് മാറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയതോടെ പലയിടത്തും ‘ഉപദേശ’ കേന്ദ്രങ്ങളായാണ് പൊലീസ് സ്‌റ്റേഷന്‍ മാറിയിരിക്കുന്നത്. കാക്കിയോടുള്ള ഭയം ക്രിമിനലുകള്‍ക്ക് നഷ്ടമായതാണ് ഇപ്പോള്‍ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷനു മുന്നില്‍ ഉപേക്ഷിക്കാന്‍ വരെ ക്രിമിനലുകള്‍ക്ക് ധൈര്യം പകര്‍ന്നിരിക്കുന്നത്.

പുലര്‍ച്ചെ മുന്ന് മണിയോടെയാണ് വിമലഗിരി സ്വദേശി ഷാന്‍ ബാബു (19) വിനെ കൊലപ്പെടുത്തി ജോമോന്‍ കെ ജോസ് എന്ന ക്രിമിനല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചിരിക്കുന്നത്. കാപ്പ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കിയ വ്യക്തിയാണ് കൊല നടത്തിയ ജോമോന്‍ കെ ജോസ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയുമാണ്. ജോമോനെയും സംഘത്തെയും കോട്ടയത്തെ മറ്റൊരു ഗുണ്ടയായ സുര്യന്‍ എന്നയാളുടെ സംഘം മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഷാനെ ആക്രമിച്ചതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ട ഷാനും സുര്യനും സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് ഇയാളെ ആക്രമിച്ചതിന് പിന്നിലെന്നും സൂചനയുണ്ട്. ജോമോന്‍ കെ ജോസ് കോട്ടയത്ത് തന്റെ മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് കൊല നടത്തിയതെന്നാണ് കോട്ടയം എസ് പി ഡി ശില്‍പ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഷാനെ കൊലപ്പെടുത്താന്‍ ജോമോന് ഉദ്യേശ്യം ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. മര്‍ദിക്കുകയായിരുന്നു ലക്ഷ്യമത്രെ.

എന്നാല്‍ ഒടുവില്‍ യുവാവ് മരണപ്പെട്ടു പോയി എന്നാണ് പ്രതിയുടെ ഭാഷ്യം. ഈ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണെന്നാണ് എസ് പി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ലഹരി സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയാണ് ഈ ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചിരിക്കുന്നത് എന്നതും വ്യക്തമായി കഴിഞ്ഞു.

ലഹരി സംഘങ്ങളെയും ഗുണ്ടകളെയും ‘ജനമൈത്രി പൊലീസിലൂടെ’ നേരിടാന്‍ ശ്രമിച്ചാല്‍ ഇനിയും പൊലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചെന്നിരിക്കും. അതും അധികൃതര്‍ ഓര്‍ത്തു കൊള്ളണം. ക്രിമിനലുകളെ അടിച്ചമര്‍ത്താന്‍ സാധ്യമായ എല്ലാ നടപടിയും പൊലീസ് ഉടന്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഇങ്ങനെയുളളവള്‍ക്ക് മര്‍ദ്ദനം ഏറ്റാല്‍ അത് ചോദ്യം ചെയ്യില്ലന്ന നിലപാട് പ്രതിപക്ഷവും മനുഷ്യാവകാശ പ്രവര്‍ത്തകരും സ്വീകരിക്കുകയും വേണം.

പൊലീസ് രാജ് വേണമെന്നല്ല ആവശ്യപ്പെടുന്നത്. ക്രിമിനലുകള്‍ക്ക് പൊലീസിനു മേല്‍ ഒരു ഭയം വേണമെന്നതാണ് ഉദ്ദേശിക്കുന്നത്. സാംസ്‌കാരിക കേരളം ഇപ്പോള്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന തലത്തില്‍ രൂപീകരിച്ച സംവിധാനത്തിന് ലോക്കല്‍ പൊലീസിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പു വരുത്താന്‍ ആഭ്യന്തര വകുപ്പും ഇടപെടണം. സൂപ്പര്‍ ഡി.ജി.പി ചമയാന്‍ ഒരു എസ്.പിയെയും ഡി.ഐ.ജിയെയും അനുവദിക്കരുത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ്  സെക്രട്ടറിയുമാണ് ജാഗ്രത പുലര്‍ത്തേണ്ടത്. പൊലീസിന്റെ സിസ്റ്റം തകര്‍ക്കുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെ ഗൗരവമായി കാണണം.

‘അച്ചടക്കമില്ലാത്ത സേന’ എന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത് പൊലീസിലെ അനുസരണക്കേട് ബോധ്യപ്പെട്ടതു കൊണ്ടു മാത്രമാണ്. ഇത് രാഷ്ട്രീയപരമായ സ്‌റ്റേറ്റ് മെന്റല്ല ഒരു യാഥാര്‍ത്ഥ്യമാണ്. ചില ഉദ്യോഗസ്ഥര്‍ക്ക് ചിലരോട് മാത്രം വിധേയത്വം എന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. പൊലീസിന്റെ അച്ചടക്കത്തിനു തന്നെ എതിരാണിത്. ഇത്തരക്കാരെ നിലയ്ക്കു നിര്‍ത്താന്‍ കഴിഞ്ഞില്ലങ്കില്‍ കൂടുതല്‍ അപകടത്തിലേക്കാണ് പൊലീസ് സേന പോകുക.

‘കാഴ്ചക്കാര്‍’ മാത്രമായ ഉദ്യോഗസ്ഥരെ, അവര്‍ മേലുദ്യോഗസ്ഥരായാലും കീഴുദ്യോഗസ്ഥരായാലും ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റുക തന്നെ വേണം. കഴിവ് മാനദണ്ഡമാക്കി വേണം ക്രമസമാധാന ചുമതലയില്‍ നിയമനം നടത്താന്‍. അവര്‍ക്ക് ശക്തമായ പിന്തുണ സര്‍ക്കാറും പൊലീസ് ഡിപ്പാര്‍ട്ട് മെന്റും നല്‍കുകയും വേണം. എന്നാല്‍ മാത്രമേ ക്രിമിനലുകളെ പൂര്‍ണ്ണമായും അമര്‍ച്ച ചെയ്യാന്‍ പറ്റുകയൊള്ളു.

Top