മൂന്നാംക്ലാസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ; പ്രതിക്ക് ജീവപര്യന്തം

court order

കാസര്‍ഗോഡ്: സ്‌കൂളിലേക്ക് പോവുകയായിരുന്ന മൂന്നാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിജയ കുമാറിനെതിരെയാണ് കോടതിയുടെ ഉത്തരവ്. പെരിയ കല്യോട്ട് കണ്ണോത്തെ ഓട്ടോഡ്രൈവര്‍ അബ്ബാസിന്റെയും ആയിഷയുടെയും മകന്‍ മുഹമ്മദ് ഫഹദ് (എട്ട്) കൊല്ലപ്പെട്ട കേസില്‍ കണ്ണോത്ത് വലിയവളപ്പില്‍ വിജയകുമാറി (38)നെയാണ് ശിക്ഷിച്ചത്.

ഐപിസി 341, 302 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എസ്.ശശികുമാറാണ് ശിക്ഷ വിധിച്ചത്. ഇരിയ സ്വദേശി വിജയ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തടവ് ശിക്ഷയ്ക്കൊപ്പം വിധിച്ച ഒരു ലക്ഷം രൂപയില്‍ നിന്ന് അമ്ബതിനായിരം രൂപ ഫഹദിന്റെ കുടുംബത്തിന് നല്‍കണമെന്ന് കോടതി ഉത്തരവായി.

2015 ജൂലായ് ഒന്‍പതിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഫഹദ് പഠിച്ചത്. ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് വിജയകുമാര്‍ വാക്കത്തിയുമായി ഇവര്‍ക്ക് സമീപമെത്തിയത്.
സ്‌കൂളിനും വീടിനും മധ്യേയുള്ള ചാന്തന്‍മുള്ള് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ കുട്ടികളുടെ അടുത്തേക്ക് വിജയകുമാര്‍ ചാടിവീഴുകയായിരുന്നു.

പേടിച്ച് ഓടുന്നതിനിടെ ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടര്‍ന്ന് കുട്ടിയെ പ്രതി വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും വെട്ടുകയുമായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയകുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പ്രേരണയായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അന്നത്തെ ഹൊസ്ദുര്‍ഗ് സി.ഐയായിരുന്ന യു. പ്രേമനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

പിന്നീട് കേസ് വിചാരണയ്ക്കായി ജില്ലാകോടതിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിജയന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചതിനാല്‍ വിജയന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. അറുപതോളം സാക്ഷികളുണ്ടായിരുന്ന കേസില്‍ ഫഹദിന്റെ സഹോദരിയടക്കം 36 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Top