കൊച്ചിയിലെ കൊലപാതകം: പ്രതികൾ പിടിയിലായി

എറണാകുളം: കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. പനങ്ങാട് സ്വദേശികളായ ഹർഷാദ് , തോമസ് , സുധീർ എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ട്രാന്‍സ്ജെന്‍ഡറിനെ ചൊല്ലിയുള്ള തർക്കത്തിൽ ഇടപെട്ടപ്പോൾ വരാപ്പുഴ സ്വദേശി ശ്യാമിനും സുഹൃത്തിനും കുത്തേൽക്കുകയായിരുന്നു. കുത്തേറ്റ ശ്യാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സുഹൃത്ത് അരുണ്‍ ചികിത്സയിലാണ്. ശ്യാമിന് നെഞ്ചിനും വയറിനുമാണ് കുത്തേറ്റത്. അരുണിൻറെ നില ഗുരുതരമല്ല.എറണാകുളം സൗത്ത് പാലത്തിന് സമീപം കളത്തിപ്പറമ്പ് റോഡിലായിരുന്നു കൊലപാതകം. പുലർച്ചെ രണ്ട് മണിയോടെ ഇതുവഴി ബൈക്കിൽ പോവുകയായിരുന്നു ശ്യാമും അരുൺ ആൻറണിയും. റോഡിൽ മൂന്ന് പേർ തമ്മിലുള്ള തർക്കം കണ്ട് ഇവർ ഇടപെട്ടു. ഇവരിൽ ഒരാളാണ് കുത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.

സമീപത്തെ സിസിടിവികളിൽ നിന്ന് രണ്ട് യുവാക്കൾ നടന്നു പോകുന്ന ദൃശ്യവും മൂന്ന് പേർ കാറിൽ കയറുന്ന ദൃശ്യവും പൊലീസ് ശേഖരിച്ചിരുന്നു. കുറച്ച് ദിവസം മുമ്പ് നോർത്ത് സ്റ്റേഷന് സമീപവും വാക്കുതർക്കത്തെത്തുടർന്ന് കൊലപാതകമുണ്ടായിരുന്നു. ഈ കേസിലെ പ്രതികളെ പൊലീസ് ഇനിയും പിടികൂടിയിട്ടില്ല.

Top