ഭാര്യക്കൊപ്പം ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി

നാഗര്‍കോവില്‍: വീടിന് പുറത്ത് ഭാര്യക്കൊപ്പം കിടന്നുറങ്ങിയ ഭര്‍ത്താവിനെ എട്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തി. ചൂട് കൂടുതലായതിനാല്‍ വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങിയ മത്സ്യതൊഴിലാളിയായ വിന്‍സെന്റിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രി നാഗര്‍കോവിലിലെ മേലമണക്കുടി ലൂര്‍ദ് മാതാ സ്ട്രീറ്റിലാണ് സംഭവം നടന്നത്. രാത്രി പുറത്ത് ഉറങ്ങിക്കിടന്ന വിന്‍സെന്റിന്റെ മുഖത്തേക്ക് പ്രദേശവാസിയായ കിദിയോന്‍ എന്ന വ്യക്തി ഉള്‍പ്പെടുന്ന എട്ടംഗ സംഘം ടോര്‍ച്ച് ലൈറ്റ് തെളിച്ചു. ഇത് ചോദ്യം ചെയ്തതോടെ ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായി ഉണ്ടായി. ഇതില്‍ പ്രകോപിതനായ കിദിയോനും സംഘവും പിന്നീട് വിന്‍സെന്റിന്റെ വീടിന് മുന്നിലെത്തുകയും അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ആക്രമികള്‍ ഓടി രക്ഷപെട്ടിരുന്നു. വെട്ടേറ്റ് ഗുരുതര പരിക്കേറ്റ വിന്‍സെന്റിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വിന്‍സെന്റിന്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top