ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ കൊലപാതകം; പ്രതികരണവുമായി ശ്രീധരന്‍പിള്ള

തൃശ്ശൂര്‍: ജയ്ശ്രീറാം വിളിക്കാഞ്ഞതിന് യുപി യില്‍ 15 കാരനെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. രാജ്യത്ത് ഒറ്റപ്പെട്ട ക്രിമിനല്‍ സംഭവങ്ങള്‍ നടക്കുന്നുണ്ട്. 130 കോടി ജനങ്ങളുള്ള രാജ്യത്ത് എല്ലാവരുടെയും പ്രവര്‍ത്തികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്തരം പറയണമെന്നാണോ എന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു.

ഇത്തരം സഭവങ്ങള്‍ എല്ലാം ബിജെപിയെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും, എസ്ഡിപിഐ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കുന്നതില്‍ ഇരുമുന്നണികള്‍ക്കും പങ്കുണ്ടെന്നും ഇവര്‍ അവസരത്തിലും അനവസരത്തിലും എസ്ഡിപിഐയുമായി കൂട്ടുകൂടിയതിന്റെ ഫലമാണ് പുന്ന നൗഷാദ് വധം പോലെയുള്ള കൊലപാതകങ്ങളെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.
പുന്ന സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുന്ന സംഭവത്തിലുള്ള കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയില്‍ എസ്ഡിപിഐയെ പേരെടുത്ത് പറയുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് സ്വാഭാവികമാണെന്നും ഒന്നിലും വ്യക്തതയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.

Top