കെവിന്‍ വധക്കേസ്; ശിക്ഷാവിധി പറയുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു

KEVIN

കോട്ടയം: കെവിന്‍ വധക്കേസില്‍ ശിക്ഷാവിധി പറയുന്നത് മാറ്റിവെച്ചു. ചൊവ്വാഴ്ചത്തേയ്ക്കാണ് വിധി പറയുന്നത് മാറ്റിവെച്ചത്.

ദുരഭിമാനക്കൊലയെങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കേസിനെ കാണേണ്ടി വരുമെന്ന് കോടതി പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദത്തിനിടെ കോടതി മുറിയില്‍ പ്രതികള്‍ പൊട്ടിക്കരഞ്ഞു.

കേസില്‍ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള വാദങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി കണകാക്കാന്‍ കഴിയില്ല. അങ്ങനെയാണെങ്കില്‍ തന്നെ പരമാവധി 25 വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാന്‍ പാടുള്ളു. മാത്രമല്ല, പ്രതികളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണം. പ്രതികള്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. കെവിന്‍ ക്രൂരമായ കൊലയ്ക്ക് ഇരയായിട്ടില്ല. തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം മുന്നോട്ട് വച്ചിരിക്കുന്നത്.

വധശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പ്രതികളില്‍ പലരുടെയും മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. പലരും കുടുംബത്തിന്റെ ഏക അത്താണിയാണ്. ഇവര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ തന്നെ നല്‍കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യം ഉന്നയിച്ചു.

Top