മനാഫ് വധക്കേസ്: പിവി അൻവർ എംഎൽഎയുടെ അനന്തിരവന് പ്രോസിക്യൂഷൻ ഒത്തുകളിയിൽ ജാമ്യം

മലപ്പുറം: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവർത്തകൻ മനാഫ് വധക്കേസിൽ 24 വർഷത്തിനു ശേഷം കീഴടങ്ങിയ പി.വി അൻവർ എം.എൽ.എയുടെ സഹോദരീപുത്രനായ മൂന്നാം പ്രതി മാലങ്ങാടൻ ഷെരീഫി (51)ന് പ്രോസിക്യൂഷൻ ഒത്തുകളിയിലൂടെ ജാമ്യം. മഞ്ചേരി അഢീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.വി നാരായണനാണ് ഉപാധികളോടെ ജാമ്യം നൽകിയത്. പ്രോസിക്യൂട്ടർ പി.പി ബാലകൃഷ്ണൻ ഇന്ന് കേസ് പരിഗണിക്കുമ്പോൾ കോടതിൽ ഹാജരായില്ല. കേസറിയാത്ത ഫാസ്റ്റ് ട്രാക് കോടതി പ്രോസിക്യൂട്ടർ വാസുവാണ് പകരക്കാരനായത്. ജാമ്യാപേക്ഷയിൽ എതിർവാദം ഉന്നയിക്കാൻ മനാഫിന്റെ സഹോദരൻ അബ്ദുൾറസാഖിന്റെ അഭിഭാഷകന് കോടതി അനുമതി നൽകിയില്ല. നേരത്തെ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ മനാഫിന്റെ സഹോദരന്റെ അഭിഭാഷകന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഹൈക്കോടതിയും വരെ അനുമതി നൽകിയിരുന്നു.

ഒരു ലക്ഷം രൂപയുടെ ബോണ്ട്, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കുക, കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനംവിട്ട് പോകരുത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനായ എടവണ്ണ എസ്.ഐയുടെ മുന്നിൽ ഹാജരാവുക, സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

മനാഫ് വധക്കേസിൽ 17, 19 പ്രതികളായ നിലമ്പൂർ സ്വദേശി മുനീബ്, എളമരം മപ്രം എറക്കോടൻ കബീർ എന്നിവർക്ക് സമാനസാഹചര്യത്തിലും 60 ദിവസംകഴിഞ്ഞിട്ടും ഹൈക്കോടതി ജാമ്യം നിഷേധിച്ചതും ജാമ്യം നിഷേധിക്കാനുള്ള പോലീസ് റിപ്പോർട്ടിലെ കടുത്ത തടസവാദങ്ങളും പ്രോസിക്യൂഷൻ ഉന്നയിച്ചില്ല. പ്രോസിക്യൂഷൻ ഒത്തുകളിച്ചാണ് ജാമ്യം നൽകിയതെന്നും. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് പറഞ്ഞു.
1995 ഏപ്രിൽ 13നാണ് പി.വി അൻവറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയിൽ നടുറോഡിൽ പട്ടാപകൽ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. പി.വി അൻവർ എം.എൽ.എയുടെ അനന്തിരവൻമാരായ പ്രതികളെ മൂന്നു മാസത്തിനകം ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന കോടതി ഉത്തരവ് ആറുമാസമായിട്ടും പോലീസ് നടപ്പാക്കിയിരുന്നില്ല.

കൊലപാതകം നടന്ന് 23 വർഷം കഴിഞ്ഞിട്ടും നാലു പ്രതികളെ അറസ്റ്റു ചെയ്യാൻ പോലീസ് നടപടി സ്വീകരിച്ചില്ലെന്നു കാണിച്ച് മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖാണ് മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിനെ സമീപിച്ചിരുന്നു. നാലു പ്രതികളെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പിടികൂടാൻ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനോട് മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടു. മൂന്നു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും കഴിഞ്ഞ ജൂലൈ 25ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ കോടതി ഉത്തരവിൽ അടയിരുന്ന പോലീസ് പ്രതികളെ പിടികൂടാൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനിടെ കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട് തൊടിക എറക്കോടൻ ജാബിർ എന്ന കബീർ (45),നിലമ്പൂർ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവർ നാടകീയമായി കഴിഞ്ഞ ആഗസ്റ്റ് 30തിന് കോടതിയിൽ കീഴടങ്ങി. ഇവരുടെ ജാമ്യാപേക്ഷ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും മഞ്ചേരി ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഹൈക്കോടതിയിൽ രണ്ടാമതും ജാമ്യാപേക്ഷ പരിഗണിക്കെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇരുവരും മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് ജാമ്യംനേടിയതും വിവാദമായിരുന്നു.

നിയമവ്യവസ്ഥയെ കബളിപ്പിച്ച ജാമ്യം നേടിയ ഇരുവർക്കും ഹൈക്കോടതി 15000 രൂപ വീതം പിഴശിക്ഷ വിധിക്കുകയും ചെയ്തു.
മനാഫ് കേസിൽ വിചാരണക്ക് ഹാജരാകാതെ ഒളിവിൽ പോയ കബീർ ഗസറ്റിൽ പരസ്യം നൽകി കബീർ എന്ന പേര് ജാബിർ ഇ.പിയാക്കി മാറ്റി ഈ പേരിൽ പുതിയ പാസ്പോർട്ടും നേടിയിരുന്നു. ഇതോടെ 86 ദിവസത്തെ ജയിൽവാസത്തിനു ശേഷം മോചിതനായ കബീറിനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് റിമാന്റ് ചെയ്തു വീണ്ടും ജയിലിലേക്കയച്ചു. ഇപ്പോൾ കബീറും മുനീബും ജാമ്യത്തിലാണ്. ഭാര്യയെയും മക്കളെയും കാണാൻ രണ്ടാഴ്ചത്തേക്ക് ഖത്തറിൽ പോകാൻ അനുമതി തേടിയുള്ള കബീറിന്റെ അപേക്ഷയും ഇതേ കോടതി തള്ളിയിരുന്നു.

മനാഫ് വധക്കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി അൻവർ. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടർന്നാണ് അൻവർ അടക്കം 21 പ്രതികളെ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്. കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായിരുന്ന ഇന്നത്തെ ഡി.ജി.പി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) സി. ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് അൻവർ എം.എൽ.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്നാണ് മനാഫിന്റെ ബന്ധുക്കളുടെ ആരോപണം. പ്രതികളെ വെറുതെവിട്ട സെഷൻസ് കോടതി വിധി റദ്ദാക്കണമെന്നും അൻവറടക്കമുള്ളവർക്ക് ശിക്ഷ നൽകണമെന്നുമാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖിന്റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിൽ പി.വി അൻവർ എം.എൽ.എയുടെ സഹോദരീപുത്രനായ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖിനെ ഇതുവരെയും പിടികൂടിയിട്ടില്ല. ദുബായിൽ ഇയാൾ സുഖജീവിതം നയിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും മനാഫിന്റെ ബന്ധുക്കൾ പുറത്തുവിട്ടിരുന്നു.

Top