മണല്‍ക്കടത്ത് ലോറി പിന്തുടര്‍ന്ന താമരശേരി തഹസില്‍ദാര്‍ക്ക് നേരെ ആക്രമണം

കോഴിക്കോട്: അനധികൃത മണല്‍ക്കടത്ത് പിടിക്കാനെത്തിയ താമരശേരി തഹസില്‍ദാരെ മണല്‍മാഫിയ ആക്രമിച്ചു.

കോഴിക്കോട് താമരശേരിയില്‍ മണല്‍ നിറച്ചെത്തിയ ടിപ്പര്‍ ലോറി തടഞ്ഞ് പരിശോധിക്കുന്നതിനിടെയാണ് തഹസില്‍ദാര്‍ സി.മുഹമ്മദ് റഫീഖിന് നേരെ ആക്രമണമുണ്ടായത്. തഹസില്‍ദാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

താമരശേരി സിവില്‍ സ്റ്റേഷന് മുന്നില്‍ വച്ച് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ മണല്‍ കടത്തി വന്ന ലോറി കണ്ടതിനെ തുടര്‍ന്ന് തഹസില്‍ദാരും സംഘവും പിന്തുടരുകയായിരുന്നു.

കുടുക്കിലുമ്മാരം റോഡിലേക്ക് തിരിഞ്ഞ ടിപ്പറിനെ ഓവര്‍ടേക്ക് ചെയ്ത് ജീപ്പ് നിറുത്തി തഹസില്‍ദാര്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.

ടിപ്പര്‍ ലോറി ജീപ്പിലേക്ക് ഇടിച്ചു കയറ്റാനായിരുന്നു സംഘത്തിന്റെ ശ്രമം. എന്നാല്‍ ജീപ്പിലേക്ക് തിരികെ കയറിയതിനാല്‍ തഹസില്‍ദാര്‍ക്ക് പരിക്കൊന്നും പറ്റിയില്ല.

സംഭവശേഷം ടിപ്പര്‍ ലോറി ഉപേക്ഷിച്ച് കടന്ന സംഘത്തിന് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Top