യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്: യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. സരിത എന്ന യുവതിക്കു നേരെയാണ് ഭര്‍ത്താവ് ബാബുരാജ് ആക്രമണശ്രമം നടത്തിയത്. ബ്യൂട്ടീഷ്യന്‍ കോഴ്സ് വിദ്യാര്‍ഥിനിയായ സരിതയുടെ ക്ലാസ് മുറിയിലെത്തിയാണ് ബാബുരാജ് കൊലപാതക ശ്രമം നടത്തിയത്.

സരിതയുടെ ദേഹത്ത് ബാബുരാജ് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിച്ച് കൊളുത്താന്‍ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് ബാബുരാജിനെ തള്ളിമാറ്റി. സരിത ഓടി മാറിയതിനാല്‍ അപകടം ഒഴിവായി.

സമീപത്തുള്ളവര്‍ ബാബുരാജിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് മലമ്പുഴ പൊലീസ്‌ സ്റ്റേഷനില്‍ ബാബുരാജ് കീഴടങ്ങി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സരിതയും ബാബുരാജും തമ്മില്‍ കുറച്ചുകാലമായി അകന്ന് കഴിയുകയായിരുന്നു.

സരിത ബ്യൂട്ടീഷ്യന്‍ കോഴ്സിന് ചേര്‍ന്നതില്‍ ബാബുരാജിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് വിവരം. സരിതയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ഗുരുതര പരിക്കുകള്‍ ഇല്ല.

Top