കൊട്ടാരക്കരയില്‍ മാനസിക വിഭ്രാന്തിയുള്ള മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു

murder

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ മാനസിക വിഭ്രാന്തിയുള്ള മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. പെരുങ്കുളം ചെറു കോട്ടുമത്തില്‍ ജ്യോതിഷ പണ്ഡിതനായ തഴവ എസ്.എന്‍. പോറ്റിയുടെ ഭാര്യ ശാന്താദേവി അന്തര്‍ജ്ജനം( 68) ആണ് മകന്‍ അശോകന്റെ (47)വെട്ടേറ്റ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. മാനസിക വിഭ്രാന്തിയുള്ള അശോകന്‍ പലപ്പോഴും ആക്രമണകാരിയാകാറുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. പുലര്‍ച്ചെ അശോകന്‍ കൈയില്‍ കിട്ടിയ കൊടുവാളെടുത്ത് അമ്മയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ വേറെ ആരും ഉണ്ടായിരുന്നില്ല.

നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തിയെങ്കിലും കൈയ്യില്‍ കൊടുവാളുമായി നില്‍ക്കുന്ന ഇയാളെ പിടികൂടാതെ മടങ്ങുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ അശോകനെ കീഴ്‌പ്പെടുത്തി വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് അമ്മയെ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്. അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top