ഹിന്ദു നേതാക്കളെ വധിക്കാൻ ഗൂഢാലോചന, അഞ്ചുപേർ കോയമ്പത്തൂരിൽ അറസ്റ്റിൽ

MURDER

കോയമ്പത്തൂര്‍: കൊലപാതകത്തിന് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ അഞ്ചുപേരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. ഹിന്ദു മക്കള്‍ കക്ഷി നേതാക്കളെ വധിക്കുവാനാണ് ഗൂഢാലോചന നടത്തിയതെന്നാണ് ആരോപണം.

വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ഹിന്ദു നേതാക്കളെ കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഹിന്ദു മക്കള്‍ കക്ഷി സ്ഥാപക നേതാവായ അര്‍ജുന്‍ സമ്പത്ത്, ശക്തി സേനാ നേതാവ് അന്‍പു മാരി എന്നിവരെ വധിക്കുവാനാണ് ഗൂഢാലോചന നടത്തിയത്. കോയമ്പത്തൂര്‍ തിരുമല സ്വദേശി ആര്‍. ആഷിക് (25), വില്ലുപുരം സ്വദേശി എസ്.ഇസ്‌മെയില്‍ (25), പല്ലാവാരം സ്വദേശി എസ്. ഷംസുദ്ദീന്‍( 20), എസ്. സലാഹുദ്ദീന്‍(25), ചെന്നൈ സ്വദേശി ജാഫര്‍ സിദ്ദിഖ് അലി(29)എന്നിവരാണ് അറസ്റ്റിലായത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്നാണ് സിറ്റി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇസ്‌ളാമിക് സ്‌റ്റേറ്റുമായി ബന്ധം ആരോപിച്ച് ഇവര്‍ക്ക് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. ഐ.എസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും വിവരങ്ങള്‍ കൈമാറുന്നതിന് രഹസ്യ വാട്‌സ് ആപ്പ് ഗ്രൂപ്പ് കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ഇസ്‌ളാമിനെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്ന അര്‍ജുന്‍ സമ്പത്തിനെയും അന്‍പു മാരിയേയും വധിക്കാന്‍ ഇവര്‍ പദ്ധതിയിടുകയും സലാഹുദ്ദീനെ കോയമ്പത്തൂരിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Top