പെരുമ്പാവൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

crime

കൊച്ചി: പെരുമ്പാവൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഐമുറി സ്വദേശി ബേബിയാണ് മരിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബേബിയുടെ ഉടമസ്ഥതയിലുള്ള പരുമ്പാവൂരിലെ ഫ്രൂട്‌സ് സ്റ്റാള്‍ തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ഇയാളുടെ സഹോദരിയുടെ മക്കളുമായി കഴിഞ്ഞ കുറെ നാളായി തര്‍ക്കത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് ബേബിയുടെ കടയിലെത്തി സഹോദരിയുടെ മക്കളായ മിഥുനും നിഖിലും ഇവരുടെ സുഹൃത്ത് സുബിനും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള സുബിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളായ മിഥുനും നിഖിലും ഒളിവിലാണ്. എന്നാല്‍ ഒളിവിലുള്ള പ്രതികള്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണെന്നും സിപിഎം അവരെ സഹായിക്കുന്നുവെന്നും ബിജെപി ആരോപിച്ചു.

Top