മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് വി.മുരളീധരന്‍

v-muralidharan

തിരുവനന്തപുരം: ഷുഹൈബ് കൊലക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. പൊലീസിനോടും ആഭ്യന്തര വകുപ്പിനോടുള്ള അവിശ്വാസമാണ് ഹൈക്കോടതി പ്രകടിപ്പിച്ചത്. കോടതിയുടെ അവിശ്വാസത്തിന് മുഖ്യമന്ത്രിയും പാത്രമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബ് വധക്കേസ് മറ്റൊരു ഏജന്‍സിയും അന്വേഷിക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യം മുതലേ സ്വീകരിച്ചത്. ശക്തമായ അന്വേഷണമാണ് നടത്തിയതെന്നും യഥാര്‍ഥ പ്രതികളെയാണ് പിടിച്ചതെന്നുമുള്ള സര്‍ക്കാരിന്റെ വാദം കോടതി തള്ളിയിരിക്കുകയാണ്. അന്വേഷണം കൊലപാതകത്തിന്റെ ഗൂഡാലോചനയിലേക്ക് പോകാതിരിക്കാനും ഇപ്പോള്‍ പിടിയിലായ പ്രതികളില്‍ അന്വേഷണം ഒതുക്കാനുമാണ് അവസാനം വരെ സി.പി.എം ശ്രമിച്ചതെന്നും അദ്ദേഹം അറിയിച്ചു.

സി.ബി.ഐ. അന്വേഷിച്ചാല്‍ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുരുമെന്നും അത് കൂടുതല്‍ നേതാക്കളെ കുടുക്കിലാക്കുമെന്നും സി.പി.എമ്മിന് അറിയാമായിരുന്നു. പ്രതികളെ മാത്രം നല്‍കി കേസ് ഒതുക്കാനാണ് അവര്‍ ശ്രമിച്ചത്. ഹൈക്കോടതി ഉത്തരവോടെ സി.പി.എമ്മിന്റെ ഈ നീക്കമാണ് പൊളിഞ്ഞതെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top