തോല്‍ക്കുന്നത് തൃപ്തി മാത്രമല്ല, നമ്മുടെ ഭരണഘടനാ സംവിധാനങ്ങള്‍ കൂടിയാണ്; മുരളി തുമ്മാരുകുടി

murali

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തിയെയും സംഘത്തെയും പുറത്തിറങ്ങാനോ ശബരിമലയിലേക്ക് പോകാനോ അനുവദിക്കുന്നില്ല. ഇവിടെ തൃപ്തി മാത്രമല്ല തോല്‍ക്കുന്നത്, നമ്മുടെ ഭരണഘടനാ സംവിധാനങ്ങള്‍ കൂടിയാണെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

കുത്തിയിരിക്കുന്ന വിശ്വാസം, നോക്കുകുത്തിയാകുന്ന ഭരണഘടന

നെടുമ്പാശ്ശേരിയിൽ നിന്നുള്ള കാഴ്ചകൾ ഏറെ സങ്കടപ്പെടുത്തുന്നു. വിഷമിപ്പിക്കുന്നു.

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തരത്തിൽ ഇന്ത്യയിലെ പരമോന്നത നീതി പീഠത്തിന്റെ വിധി അനുസരിച്ച് മുൻകൂട്ടി അറിയിച്ചിട്ടാണ് തൃപ്തി ദേശായിയും കൂട്ടരും ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തിയിരിക്കുന്നത്. അവർക്ക് പുറത്തിറങ്ങാനോ ശബരിമലയിലേക്ക് പോകാനോ പറ്റുന്നില്ല.

അവരെ സമാധാനപരമായോ അക്രമാസക്തമായോ എതിർത്ത് ശബരിമലയിലേക്ക് പോകുന്നത് തടയുമ്പോൾ തോൽക്കുന്നത് തൃപ്തി ദേശായി എന്ന വ്യക്തി മാത്രമല്ല, നമ്മുടെ ഭരണഘടനാ സംവിധാനങ്ങൾ മൊത്തമാണ്.

നമ്മുടെ ഭരണഘടന സംവിധാനം അനുസരിച്ച് സുപ്രീം കോടതിയിൽ അടുത്ത തീരുമാനത്തിനായി റിവ്യൂ ഹർജിയും റിട്ട് ഹർജിയും ഒക്കെ കൊടുത്തിരിക്കുന്നവരും അതിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നവരും ഒക്കെയാണ് പ്രതിഷേധക്കാരിൽ അധികവും എന്നത് ഒരു വിരോധാഭാസം ആണ്. അവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് വിധി കിട്ടാൻ ഭരണഘടന വേണം, അല്ലെങ്കിൽ വേണ്ട.

ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടുന്ന ലോകം ഉണ്ടായിട്ട് അധികം നാളുകൾ ഒന്നും ആയിട്ടില്ല. പക്ഷെ ശാസ്ത്രത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിൽ കുതിച്ചു ചാട്ടം ഉണ്ടായത് വ്യക്തികളുടെയോ മതങ്ങളുടെയോ ഇഷ്ടത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും മാറി എല്ലാവർക്കും ബാധിതമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങൾ ഭരിക്കപ്പെട്ടു തുടങ്ങിയപ്പോൾ ആണ്.

ഇതൊക്കെ നമ്മൾ എന്നെങ്കിലും ഒക്കെ മനസ്സിലാക്കും എന്നത് ഉറപ്പാണ്. അത് നീതിയും ന്യായങ്ങളും ഒക്കെ വിധിപോലെ നടപ്പിലാക്കാൻ ഭരണഘടനയുടെ സംവിധാനങ്ങൾ ശക്തമായി ഇടപെടുമ്പോൾ ആണോ അതോ നാട്ടിൽ നീതിയും ന്യായവും ഒന്നും നടപ്പിലാക്കാൻ ഒരു ഭരണഘടന ഇല്ലാതാകുന്ന കാലത്താണോ എന്നതേ സംശയമുള്ളൂ. ഒന്നാമത്തേത് ആകണം എന്നാണ് ആഗ്രം. പോക്ക് കണ്ടിട്ട് രണ്ടാമത്തേതിനാണ് സാധ്യത.

“എൻ്റെ ഭരണഘടനേ നിന്നെ നീ തന്നെ കാത്തോളണേ”

മുരളി തുമ്മാരുകുടി

Top