‘ദു:ഖത്തിനെന്നു ഞാന്‍ അവധി കൊടുക്കും’; ദുരന്തകാലത്തെ ക്യാമ്പുകളെക്കുറിച്ച് മുരളി തുമ്മാരുകുടി

murali

സംസ്ഥാനത്ത് സംഭവിച്ച പ്രളയത്തിനു ശേഷം പത്ത് ലക്ഷത്തിലധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പുകള്‍ എങ്ങനെ നന്നായി നടത്താം എന്നതിന് പകരം എങ്ങനെ ഏറ്റവും വേഗത്തില്‍ ഈ ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് തിരിച്ച് അവരുടെ സാധാരണ ജീവിത്തതിലേക്ക് എത്താനുള്ള സാഹചര്യം ഉണ്ടാക്കാം എന്നതിലാണ് സര്‍ക്കാരും പൊതുസമൂഹവും താല്‍പ്പര്യം എടുക്കേണ്ടത് എന്നഭിപ്രായപ്പെടുകയാണ് അദ്ദേഹം.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ദുഖത്തിനെന്നു ഞാൻ അവധി കൊടുക്കും ?

ഇന്ന് ഉത്രാടം ആണ്, കേരളത്തിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കേണ്ട ദിവസം. തെരുവോരത്തെ കച്ചവടക്കാർ മുതൽ നഗരത്തിലെ വൻ കച്ചവടക്കാർ വരെ തിരക്കിലാകേണ്ട ദിവസം, ഓണത്തപ്പന്റെ രൂപം മുതൽ വാഷിംഗ് മെഷീനും ഫ്രിഡ്‌ജും വരെ എല്ലാത്തരം വസ്തുക്കളും വൻ തോതിൽ വിറ്റു പോകേണ്ട ദിവസം.

പക്ഷെ വെള്ളം കയറാത്ത നഗരങ്ങളിൽ ഉൾപ്പടെ ഈ വർഷത്തെ ഉത്രാടം തണുപ്പൻ ആണ്. മാമൻ നാട്ടിലുള്ളത് കൊണ്ട് ഇത്തവണ ഓണക്കോടി വേണം എന്ന് പറഞ്ഞിരുന്ന മരുമക്കൾക്ക് ഇപ്പോൾ ഒന്നും വേണ്ട. അടിപൊളിയായി ഓണം നടത്തിയിരുന്ന തുമ്മാരുകുടിയിൽ ഈ ഓണത്തിന് കഞ്ഞിയും പയറും മാത്രം. ഇതൊക്കെ കേരളത്തിലെ ഓരോ വീട്ടിലും സംഭവിക്കുന്നുണ്ടാകാം.

ഒറ്റ നോട്ടത്തിൽ ഇതൊക്കെ ശരിയാണെന്ന് തോന്നാം. നമ്മുടെ സഹോദരങ്ങൾ വെള്ളപ്പൊക്കത്തിൽ നിന്ന് ഒരു കണക്കിന് രക്ഷപെട്ടിരിക്കുമ്പോൾ, നൂറുകണക്കിന് മലയാളികൾ മരിച്ചപ്പോൾ, പതിനായിരങ്ങൾക്ക് വീടില്ലാത്തപ്പോൾ തുമ്മാരുകുടിയിൽ ഓണത്തിന് ചമ്മന്തി വേണോ മരുമകൾക്ക് പുതിയ ഉടുപ്പ് വേണോ എന്നതൊക്കെയാണോ പ്രധാന പ്രശ്നം? ഇങ്ങേർക്ക് ഒരു ഔചിത്യ ബോധവും ഇല്ലേ? ഈ പണം ദുരിത ബാധിതർക്ക് അങ്ങ് കൊടുത്താൽ പോരേ ?

ദുരിതബാധിതർക്ക് പഴയ വസ്ത്രവും ഭക്ഷണവും ദൂര ദൂര ദേശത്തു നിന്നും അയച്ചു കൊടുക്കരുത് എന്ന് ഞാൻ ഒരു മാസം മുൻപ് പറഞ്ഞപ്പോഴും എൻറെ ഔചിത്യ ബോധത്തെ ചോദ്യം ചെയ്തവർ ഉണ്ട്. ഇപ്പോൾ ആ കാര്യങ്ങൾ സമൂഹത്തിന് ബോധ്യമായി. അതിനാൽ ഇന്ന് മുതൽ ചെയ്യേണ്ട ചില കാര്യങ്ങൾ പറയാം.

1. കേരളത്തിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തവും നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കവും ആണെങ്കിലും ഈ പ്രളയവും ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും നേരിട്ട് ബാധിച്ചത് നമ്മുടെ ജനസംഖ്യയുടെ പത്തു ശതമാനത്തെ പോലും ഇല്ല. മൂന്നു കോടി മുപ്പത് ലക്ഷം മലയാളികൾ ഉള്ളതിൽ പത്തു ലക്ഷത്തോളം ആളുകളാണ് ക്യാംപുകളിലുള്ളത്. ഏതാണ്ട് അത്രയോളം തന്നെ ബന്ധു ഗൃഹങ്ങളിലും ഉണ്ടെന്ന് കരുതുക.

2. വിദേശത്തുള്ള ഇരുപത് ലക്ഷത്തിലധികം മലയാളികളിൽ ഒരു ശതമാനം പേർ മാത്രമേ ആ സമയത്ത് നാട്ടിൽ ഈ പ്രളയത്തിൽ നേരിട്ട് ഉൾപ്പെട്ടു കാണാൻ വഴിയുള്ളൂ.

3. ദുരന്തത്തിൽ അകപ്പെട്ടവരോടുള്ള സഹാനുഭൂതിയും ഔചിത്യ ബോധത്തെ പറ്റിയുള്ള ചിന്തകളും കാരണം തൊണ്ണൂറു ശതമാനം ആളുകളും റെസ്റ്റോറന്റ്റ് മുതൽ സ്വർണ്ണക്കട വരെ ഉള്ളിടത്ത് ഉപഭോഗം കുറച്ചിരിക്കയാണ്. ഇതറിയാൻ നമ്മുടെ നഗരത്തിൽ നോക്കേണ്ട, നമ്മുടെ പത്രങ്ങളിലെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

4. ചിലവാക്കാതിരിക്കുന്ന ഈ തുകയൊന്നും മൊത്തമായി ദുരിതാശ്വാസ നിധിയിലോ ദുരന്തബാധിതരുടെ അടുത്തോ എത്താൻ പോകുന്നില്ല. എത്തുന്ന തുക തന്നെ വളരെ പതുക്കെയാണ് കമ്പോളത്തിൽ എത്താൻ പോകുന്നത്.

5. ഇതിനാൽ കമ്പോളം മന്ദഗതിയിലാകും. ഇത് കച്ചവടക്കാരുടെ മാത്രം പ്രശ്നമല്ല. അതിൻറെ പിന്നിൽ നാം കാണാതെ പ്രവർത്തിക്കുന്ന അനവധി ആളുകൾ ഉണ്ട്. ലോറിക്കാർ, ചുമട്ടു തൊഴിലാളികൾ, പരസ്യ കമ്പനിക്കാർ, എന്നിങ്ങനെ. ഇവരുടെ ഓരോരുത്തരുടെയും വരുമാനം കുറയും. ഇവർ തൊഴിലിന് നിയമിച്ചിരിക്കുന്നവരെ പിരിച്ചു വിട്ടേക്കാം, അല്ലെങ്കിൽ അങ്ങനെ ഒരു ഭീതി ഉണ്ടാകും. അപ്പോൾ അവർ ചിലവാക്കുന്ന തുക കുറയും. ഈ കച്ചവടങ്ങളിൽ നിന്നും സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം കുറയും. സർക്കാർ പണം ചിലവാക്കുന്നത് കുറയ്ക്കും. ഇതൊരു വിഷ്യസ് സ്പൈറൽ ആണ്. കേരളം മൊത്തം സാമ്പത്തിക മാന്ദ്യത്തിലാകും. ചുരുക്കത്തിൽ പത്തു ശതമാനം ജനങ്ങളിൽ നിൽക്കേണ്ട ദുരന്തം അവരോടുള്ള നമ്മുടെ വികാരം തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുന്നതിലൂടെ നൂറു ശതമാനം ആളുകളിലേക്കും പടരും. ഞാനും നിങ്ങളും അതിൽ നിന്നും വിമുക്തരാവില്ല. പ്രളയ ദുരന്തം മലകയറി നിങ്ങളുടെ പോക്കറ്റിലെത്തും. ആരെ സഹായിക്കാൻ നിങ്ങൾ ശ്രമിക്കുന്നുവോ അവരെ നിങ്ങൾക്ക് സഹായിക്കാൻ പറ്റാതാകും.

6. ഇത് ഒഴിവാക്കേണ്ടതാണ്, ഒഴിവാക്കാവുന്നതും. ഈ ദുരന്തം സാമ്പത്തിക മാന്ദ്യത്തിലേക്ക് അല്ല സാമ്പത്തിക കുതിപ്പിലേക്കാണ് നയിക്കേണ്ടത്. അതിന് വേണ്ടത് മലയാളികൾ പണം കൂടുതൽ ചിലവാക്കുക എന്നതാണ്. എങ്ങനെയാണ് ഇത് സാധ്യമാക്കുന്നത് എന്നാണ് സർക്കാർ ചിന്തിക്കേണ്ടത്.

7. ഒന്നാമത് കേരളം ഇപ്പോൾ കടന്നുപോകുന്ന ഈ ദുരിത കാലത്തിന് ഒരു ഔദ്യോഗിക അവസാനം പ്രഖ്യാപിക്കണം. നേപ്പാളിൽ ഭൂമി കുലുക്കം കഴിഞ്ഞു മുപ്പത്തി ഒന്നാമത്തെ ദിവസം ‘ദുരന്തത്തിന്റെ ഓർമ്മ ദിവസം’ ആയി സർക്കാർ പ്രഖ്യാപിച്ചു. അന്ന് മത സ്ഥാപനങ്ങൾ പ്രാർത്ഥനയും മറ്റുളളവർ മെഴുകുതിരി കത്തിച്ചുള്ള വിജിലും നടത്തി. ഇതൊക്കെ ദുരന്തത്തിൽ അകപ്പെട്ടസമൂഹത്തെ മൊത്തം മാനസികമായി ധൈര്യപ്പെടുത്തുന്ന നടപടികൾ ആണ്. ആയിരക്കണക്കിന് ആളുകളാണ് നേപ്പാളിൽ മരിച്ചത്, അഞ്ചു ലക്ഷത്തോളം വീടുകൾ നശിച്ചു.

കേരളത്തെക്കാളും ഏറെ സാമ്പത്തിക ശേഷി കുറഞ്ഞ സ്ഥലമാണ് നേപ്പാൾ. ഭാവിയെപ്പറ്റി അന്നവർക്ക് ഇപ്പോൾ മലയാളികൾക്കുള്ളതിൽ കൂടുതൽ ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ മാതൃക നമ്മളും ചിന്തിക്കണം. സെപ്റ്റംബർ ഒന്നാം തീയതിയോ വേണമെങ്കിൽ അതിന് മുൻപോ ഒരു ദിവസം നമ്മൾ ഓർമ്മ ദിവസം ആയി പ്രഖ്യാപിക്കണം. ഇനി ഇതുപോലെയൊരു ദുരന്തം കേരളത്തിൽ ഉണ്ടാക്കാൻ നമ്മൾ അനുവദിക്കുകയില്ല എന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാം പ്രതിജ്ഞയെടുക്കണം. മതസ്ഥാപനങ്ങളെല്ലാം അന്ന് പ്രത്യേക പ്രാർത്ഥന നടത്തട്ടെ. നമ്മുടെ യുവാക്കളെ അഭിനന്ദിക്കാനും പുതിയ കേരളത്തിന്റെ നിർമ്മാണത്തിലേക്ക് അവരെ സ്വാഗതം ചെയ്യാനുമുള്ള ദിവസമാകട്ടെ അത്. പുതിയ തലമുറ മെഴുകുതിരി കത്തിച്ചോ, ദുരന്തത്തെ പറ്റി ചർച്ച ചെയ്തോ ആ ദിവസം ആചരിക്കണം. അതിനുശേഷം നമ്മുടെ ചിന്ത മുഴുവൻ പുനർ നിർമ്മാണത്തിൽ ആയിരിക്കണം.

എത്ര നേരം നാം പുറകോട്ടു നോക്കിയിരിക്കുന്നുവോ, അത്രയും സമയം നമ്മുടെ സാമ്പത്തിക വ്യവസ്ഥ പിന്നോട്ട് പോകും. അത് കൊണ്ട് സാധിക്കുന്നവരെല്ലാം തന്നെ ഈ ഓണക്കാലത്ത് സദ്യ ഉണ്ടാക്കിയില്ലെങ്കിലും ഓണക്കോടി ഉൾപ്പടെയുള്ള നിങ്ങളുടെ ഒരു കച്ചവട തീരുമാനങ്ങളും മാറ്റി വെക്കരുത്. വിവാഹം പ്ലാൻ ചെയ്തവർ അതിലെ ആഘോഷം മാറ്റിവെക്കരുത്. പണം എത്ര ചിലവാക്കാമോ അത്രയും ചിലവാക്കുക. ചിലവാക്കാൻ ഉദ്ദേശിച്ചിരുന്ന തുകയുടെ പത്തു ശതമാനം ദുരിതാശ്വാസത്തിന് സംഭാവന ചെയ്യാനും തീരുമാനിക്കാമല്ലോ.

മുരളി തുമ്മാരുകുടി.

Top