അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ നയിക്കുക മുരളീധരൻ !

കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ല. സുധാകരനും വി.ഡി സതീശനും കെ.സി വേണുഗോപാലും ആ പാര്‍ട്ടിയെ ശരിക്കും ‘റാഞ്ചി’ കഴിഞ്ഞു. മൂന്നു പേരും ലക്ഷ്യമിടുന്നത് ഭാവി മുഖ്യമന്ത്രി പദമാണ്. എന്നാല്‍ ഇവരുടെ ആ കണക്ക് കൂട്ടലുകള്‍ തെറ്റാനാണ് സാധ്യത. അതായത് ഇനി യു.ഡി.എഫിന് എങ്ങാന്‍ ഭരണം ലഭിച്ചാല്‍ പോലും കെ.സിക്കും സുധാകരനും സതീശനും മുഖ്യമന്ത്രിമാരാകാന്‍ കഴിയുകയില്ല. അതിനാകട്ടെ യുക്തമായ കാരണങ്ങളും ഉണ്ട്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റുകളാണ് യു.ഡി.എഫ് നേടിയിരുന്നത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും എന്ന് വിലയിരുത്തി കേരളം നല്‍കിയ വലിയ പിന്തുണ ആയിരുന്നു അത്. വീണ്ടും ഒരിക്കല്‍ കൂടി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ പോലും ഇനി ഇത്രയും സീറ്റുകള്‍ എന്തായാലും യു.ഡി.എഫിന് കിട്ടുകയില്ല.

നിലവിലെ സാഹചര്യത്തില്‍ വലിയ മുന്നേറ്റം ഇടതുപക്ഷം തന്നെ നടത്താനാണ് സാധ്യത. ഇത്തരമൊരു ഘട്ടത്തില്‍ എല്ലാ പഴിയും കേള്‍ക്കേണ്ടി വരിക സതീശനും സുധാകരനും ആയിരിക്കും. ഇതാകട്ടെ ഇരുവരുടെയും സ്ഥാനം തെറിക്കുന്നതിലാണ് ഒടുവില്‍ കലാശിക്കുക. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ചെന്നിത്തലയെ മാറ്റാതിരുന്നതാണ് ഇത്തവണ യു.ഡി.എഫിന്റെ തകര്‍ച്ചക്ക് ഒരു പ്രധാന കാരണമെന്ന് വിലയിരുത്തുന്നവരാണ് യു.ഡി.എഫ് ഘടക കക്ഷികള്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തല വരുമെന്ന പ്രചരണം തിരിച്ചടിച്ചെന്ന വിലയിരുത്തല്‍ ഇപ്പോഴത്തെ യുവതുര്‍ക്കികള്‍ക്കുമുണ്ട്. സമാന സാഹചര്യം തന്നെയാണ് ലോക്‌സഭ തരിഞ്ഞെടുപ്പ് കഴിഞ്ഞാലും സംജാതമാകുക. അത്തരമൊരു സാഹചര്യത്തില്‍ കണക്ക് തീര്‍ക്കാനാണ് ഐ ഗ്രൂപ്പും എ ഗ്രൂപ്പും കാത്തിരിക്കുന്നത്.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ ആര് നയിച്ചാലും അത് കെ.സിയും സതീശനും, സുധാകരനും ആകരുത് എന്ന ഒറ്റ നിര്‍ബന്ധമാണ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഉള്ളത്. ഇവരോടൊപ്പം ഉള്ളവരും അതു തന്നെയാണ് ആഗ്രഹിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പോടെ വി.ഡി സതീശന്റെയും സുധാകരന്റെയും മാത്രമല്ല, കെ.സി വേണുഗോപാലിന്റെയും ചീട്ട് കീറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഗ്രൂപ്പിനാല്‍ നയിക്കപ്പെട്ട പാര്‍ട്ടി ഒരു സുപ്രഭാതത്തില്‍ ഗ്രൂപ്പിസത്തിന് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അത് ഫലം കാണില്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ഗ്രൂപ്പുകള്‍ ‘പാലം’ വലിച്ചാല്‍ ഒറ്റ സീറ്റില്‍ ഒതുങ്ങേണ്ട ഗതികേടും യു.ഡി.എഫിനുണ്ടാകും. അപമാനിച്ച് ഒതുക്കി നിര്‍ത്തിയതിന് ഇത്തരമൊരു ‘പ്രതികാരം’ തന്നെയാണ്, എ -ഐ ഗ്രൂപ്പ് അണികള്‍ ആഗ്രഹിക്കുന്നത്. ഗ്രൂപ്പുകള്‍ നിശ്ചലമായാല്‍ സംഘടന ചലിപ്പിക്കാനുള്ള ‘മാന്ത്രിക ദണ്ഡൊന്നും’ സതീശന്റെയും സുധാകരന്റെയും പക്കലില്ല.

ഡി.സി.സി നേതൃത്വം പിടിച്ചെങ്കിലും പാര്‍ട്ടിയിലെ താഴെ തട്ടിലെ സംഘടനാ സംവിധാനം ഇപ്പോഴും എ – ഐ ഗ്രൂപ്പുകളുടെ കൈവശം തന്നെയാണുള്ളത്. ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഒതുക്കി ഒരടി മുന്നോട്ട് പോകാന്‍ പുതിയ നേതൃത്വത്തിന് കഴിയുകയില്ല എന്നു വ്യക്തം. കേന്ദ്രത്തില്‍ ഇത്തവണ കൂടി ഭരണം കിട്ടിയില്ലങ്കില്‍ കെ.സി വേണുഗോപാലിന്റെ ഡല്‍ഹിയിലെ പദവിയും അതോടെ തെറിക്കും. ഇപ്പോള്‍ തന്നെ ദേശീയ നേതൃത്വത്തില്‍ കെ.സിക്കെതിരായ വികാരം അതിശക്തമാണ്. കര്‍ണ്ണാടക, ഗോവ, പുതുച്ചേരി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെട്ടത് സംഘടന ജനറല്‍ സെക്രട്ടറിയുടെ പിടിപ്പുകേടു കൊണ്ടാണെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്. ബീഹാറില്‍, പ്രതിപക്ഷ മഹാ സഖ്യത്തിന് ഭരണം നഷ്ടമായതും കോണ്‍ഗ്രസ്സിന്റെ മോശം പ്രകടനം മൂലമാണ്. ഇവിടെ ഇടതുപാര്‍ട്ടികള്‍ മിന്നും പ്രകടനം കാഴ്ചവച്ചപ്പോള്‍ നാണം കെട്ട പ്രകടനമാണ് കോണ്‍ഗ്രസ്സ് കാഴ്ചവച്ചിരുന്നത്. ഒരു പാര്‍ട്ടി എന്ന രൂപത്തില്‍ രാജ്യത്ത് കോണ്‍ഗ്രസ്സ് ശക്തമല്ല. സംഘടനാ അടിത്തറ തകര്‍ന്നിട്ട് വര്‍ഷം ഏറെയായി.

ഭരിക്കുന്ന പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിലും ആഭ്യന്തര തര്‍ക്കം രൂക്ഷമാണ്. ഇതിനെല്ലാം പരിഹാരം ഉണ്ടാക്കാന്‍ ചുമതലപ്പെട്ട കെ.സി വേണുഗോപാല്‍ അന്തംവിട്ടാണ് നോക്കി നില്‍ക്കുന്നത്. അദ്ദേഹത്തിന് ഈ അവസ്ഥയിലും താല്‍പ്പര്യം കേരളത്തില്‍ ആധിപത്യം ഉറപ്പിക്കാനാണ്. അതിനായാണ് സുധാകരനെയും സതീശനെയും രംഗത്തിറക്കിയിരിക്കുന്നത്. രാഹുലിന്റെ ഒറ്റ പിന്തുണയിലാണ് കെ.സി ഈ കളിയെല്ലാം കളിച്ചിരിക്കുന്നത്. ഇനി ഒരു തിരഞ്ഞെടുപ്പില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ അദ്ദേഹത്തിനും കേരളത്തിലേക്ക് തന്നെ വണ്ടി കയറേണ്ടി വരും. രാഹുല്‍ ഗാന്ധിയുടെ അവസ്ഥയും സുഗമമാകാന്‍ സാധ്യതയില്ല. നെഹറു കുടുംബത്തിനെതിരായ തിരുത്തല്‍ വാദികളുടെ നീക്കങ്ങളാണ് ഇതോടെ കൂടുതല്‍ ശക്തിപ്പെടുക. ഒരിക്കല്‍ കൂടി മോദി അധികാരത്തില്‍ വന്നാല്‍ അതോടെ കോണ്‍ഗ്രസ്സിലെ നെഹറു കുടുംബത്തിന്റെ ആധിപത്യവും അവസാനിക്കും. ഏത് രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്ന കാര്യമാണിത്. ഇതിന്റെ അലയൊലി കേരള രാഷ്ട്രീയത്തിലും തീര്‍ച്ചയായും ഉണ്ടാകും.

ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കേരളത്തില്‍ ആധിപത്യം നേടിയാല്‍ പിന്നെ നിയമസഭ തിരഞ്ഞെടുപ്പിനെ നയിക്കാന്‍ കോണ്‍ഗ്രസ്സില്‍ കെ.മുരളീധരന്‍ മാത്രമേ കാണുകയൊള്ളൂ. ഈ ഒരു അവസരം മുന്നില്‍ കണ്ടാണ് അദ്ദേഹവും ഇപ്പോള്‍ ഇറങ്ങി കളിച്ചിരിക്കുന്നത്. സതീശന്റെയും സുധാകരന്റെയും ഭാവി ലോകസഭ തിരഞ്ഞെടുപ്പ് വരെ മാത്രമേ ഒള്ളൂ എന്ന് ഏറ്റവും നന്നായി അറിയാവുന്നതും മുരളീധരനു തന്നെയാണ്. ഉമ്മന്‍ ചാണ്ടിയും – ചെന്നിത്തലയും ഒഴിവാക്കപ്പെട്ട പടക്കളത്തില്‍ ജന സ്വാധീനം അളവു കോലാക്കിയാല്‍ പിന്നെ പരിഗണിക്കപ്പെടേണ്ട നേതാവ് യഥാര്‍ത്ഥത്തില്‍ കെ.മുരളീധരന്‍ തന്നെയാണ്. എന്നാല്‍ ഇത്തവണ ഹൈക്കമാന്റ് പരിഗണിച്ചിരിക്കുന്നത് സതീശന്‍ – സുധാകരന്‍ കൂട്ടു കെട്ടിനെയാണ്. ഇതിനു പിന്നിലും കെ.സി വേണുഗോപാലിന്റെ കുരുട്ടു ബുദ്ധിയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. എന്നാല്‍ അതിനും മീതെയാണ് ലീഡറുടെ മകന്റെ ബുദ്ധിയെന്നതാണ് ഇവരെല്ലാം നിലവില്‍ കാണാതെ പോയിരിക്കുന്നത്. മുരളി ഹൈക്കമാന്റിനൊപ്പം ഉറച്ച് നിന്നത് തന്നെ ശരിക്കും ആലോചിച്ച് ഉറപ്പിച്ചാണ്.

ഗ്രൂപ്പുകള്‍ക്കെതിരെ പടനയിക്കാന്‍ മുരളിയുടെ ഒരു കവചം പുതിയ നേതൃത്വത്തിനും ആവശ്യമാണ്. അത് അവര്‍ ഇപ്പോള്‍ തന്നെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. ആത്യന്തികമായി കോണ്‍ഗ്രസ്സിലെ ഈ പോര് മുരളീധരനാണ് ഭാവിയില്‍ ഗുണം ചെയ്യുക. ഭരണം കിട്ടിയാലും ഇല്ലെങ്കിലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിക്കാന്‍ പോകുന്നത് കെ.മുരളീധരനായിരിക്കും. ഘടക കക്ഷികളുടെ താല്‍പ്പര്യവും ആ നിലപാടിലേക്കാണ് മാറുക. ഇടതുപക്ഷത്തിന് മൂന്നാം ഊഴം സാധ്യമായാല്‍ യു.ഡി.എഫിന്റെ പൊടി പോലും കേരളത്തില്‍ പിന്നെ കാണുകയില്ല. ഇത്തവണ കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പിയിലേക്ക് ഒഴുക്കുണ്ടാവാതിരുന്നത് അവരുടെ ഉള്ള അക്കൗണ്ടും ഇടതുപക്ഷം പൂട്ടിച്ചതു കൊണ്ടാണ്. എന്നാല്‍ കേന്ദ്രത്തില്‍ ഒരിക്കല്‍ കൂടി മോദി അധികാരത്തില്‍ വന്നാല്‍ ഒപ്പം പോകാന്‍ കേരളത്തിലും കാണും അനവധി ഖദര്‍ധാരികള്‍. പ്രത്യേകിച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെട്ടാല്‍ കാവിയിലേക്കുള്ള ആ ഒഴുക്ക് ഉറപ്പാണ്. മറ്റു സംസ്ഥാനങ്ങളിലും സമാന വെല്ലുവിളി തന്നെയാണ് കോണ്‍ഗ്രസ്സിന് നേരിടേണ്ടി വരിക. ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമായ പരിപാടി മുന്നോട്ട് വയ്ക്കാനില്ലാത്ത കോണ്‍ഗ്രസ്സ് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ പിന്നാലെ നടക്കുന്നത് തന്നെ ആ പാര്‍ട്ടിയുടെ ഗതികേട് തുറന്നു കാട്ടുന്നതാണ്.

രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം പോലും നഷ്ടപ്പെട്ടു കഴിഞ്ഞു. അവസരവാദികളുടെയും വര്‍ഗ്ഗ വഞ്ചകരുടെയും ഒരു കൂട്ടമാണിന്ന് കോണ്‍ഗ്രസ്സ്. ഈ കോണ്‍ഗ്രസ്സിനെ നമ്പിയാല്‍ നമ്പുന്നവരാണ് ചതിക്കപ്പെടുക. ചരിത്രവും അതു തന്നെയാണ്. ഹൈക്കമാന്റിലെ ‘തലകള്‍’ മാറാതെ ‘തലവര’മാറില്ലന്ന് ആദ്യം തിരിച്ചറിയേണ്ടത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അവരത് തിരിച്ചറിയുന്നില്ല എന്നു മാത്രമല്ല, ഒരു ജനസ്വാധീനവും ഇല്ലാത്ത കെ.സിയെ പോലുള്ള ശകുനികള്‍ക്ക് പാര്‍ട്ടിയെ തന്നെ വിട്ടു കൊടുത്തിരിക്കുകയുമാണ്. ഇതിന്റെയെല്ലാം പരിണിത ഫലമാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ രാജ്യത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ പോക്കുപോയാല്‍ വലിയ ദുരന്തമാണ് കോണ്‍ഗ്രസ്സിനുണ്ടാകുക. അക്കാര്യവും ഉറപ്പാണ്.

Top