താനും ചെന്നിത്തലയും തമ്മില്‍ അടുക്കുന്നതില്‍ അസ്വസ്ഥത വേണ്ട; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുരളീധരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി കെ മുരളീധരന്‍ എം പി. താനും രമേശ് ചെന്നിത്തലയും തമ്മില്‍ അടുക്കുന്നതില്‍ അസ്വസ്ഥത വേണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. അകല്‍ച്ചയുള്ളവര്‍ തമ്മില്‍ അടുക്കും. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെപിസിസി പുനഃസംഘടനയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ തീവ്ര ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയ വിഡി സതീശന്‍ ശ്രമിച്ചതും ഭിന്നതകള്‍ ഇല്ലെന്ന് വ്യക്തമാക്കാനായിരുന്നു. കെപിസിസി പ്രസിഡന്റുമായി വിഷയത്തില്‍ യാതൊരു തരത്തിലുള്ള ഭിന്നതയും ഇല്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് പുനസംഘടനയില്‍ കെസി വേണുഗോപാലിന്റെ അനാവശ്യ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ്സില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പരിധി വിടുന്ന പ്രചരണങ്ങള്‍ നേരിടാന്‍ അറിയാമെന്ന മുന്നറിയിപ്പും വിഡി സതീശന്‍ നല്‍കി. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് ഒരു സംഘം പ്രവര്‍ത്തിക്കുന്നു. എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും തിരിച്ചുവരുകയുള്ളൂ. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ആരെങ്കിലും തമ്മില്‍ പരിഭവം ഉണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെയും ആഗ്രഹമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

Top