നേമത്ത് വീണാലും മുരളീധരന്‍ ‘വാഴും’ അതാണ് ഇനി നടക്കാന്‍ പോകുന്നത് !

സംസ്ഥാനത്തെ മൂന്നു മുന്നണികളെ സംബന്ധിച്ചും അഭിമാന പോരാട്ടമാണിപ്പോള്‍ നേമത്ത് നടന്നിരിക്കുന്നത്. ഇവിടെ ബി.ജെ.പി കഴിഞ്ഞ തവണ തുറന്ന അക്കൗണ്ട് പൂട്ടിക്കുമെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതാകട്ടെ സി.പി.എമ്മിന്റെ പ്രധാന അജണ്ടയുമാണ്. വാശിയേറിയ മത്സരം തന്നെയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി നേമത്ത് കാഴ്ചവച്ചിരിക്കുന്നത്. സിറ്റിംഗ് സീറ്റായ നേമം കൈവിട്ടാല്‍ ബി.ജെ.പിയെ സംബന്ധിച്ച് അതു വലിയ പ്രഹരമായി മാറും. ദേശീയ തലത്തിലും വലിയ വാര്‍ത്തകള്‍ക്കും സാധ്യതയുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ട് സകല സംഘടനാ സംവിധാനവും കുമ്മനം രാജശേഖരനു വേണ്ടി പരിവാര്‍ സംഘടനകള്‍ ഇതിനകം തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ കൂടുതല്‍ സമയം കേന്ദ്രീകരിച്ച് പ്രചരണം നടത്തിയതും ഈ മണ്ഡലത്തിലാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ 67, 813 വോട്ടുകള്‍ നേടിയാണ് ഒ.രാജഗോപാലിലൂടെ ബി.ജെ.പി മണ്ഡലം പിടിച്ചെടുത്തിരുന്നത്. രണ്ടാം സ്ഥാനത്ത് വന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക് ആ തിരഞ്ഞെടുപ്പില്‍ 59142 വോട്ടുകളാണ് ലഭിച്ചിരുന്നത്. യു.ഡി.എഫിന്റെ അവസ്ഥയായിരുന്നു ഏറെ ദയനീയം. വെറും 13,860 വോട്ടുകള്‍ മാത്രമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍പിള്ളക്ക് ലഭിച്ചിരുന്നത്. യു.ഡി.എഫ് വോട്ടുകളില്‍ ഭൂരിപക്ഷവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാണ് ലഭിച്ചിരുന്നത്. ഈ ചീത്ത പേര് ഒഴിവാക്കാന്‍ കൂടിയാണ് ഇത്തവണ സാക്ഷാല്‍ കെ. മുരളീധരനെ തന്നെ കോണ്‍ഗ്രസ്സ് രംഗത്തിറക്കിയിരിക്കുന്നത്. ജയം തന്നെയാണ് കോണ്‍ഗ്രസ്സും നേമത്ത് ലക്ഷ്യമിടുന്നത്.

എം.പി സ്ഥാനം രാജി വയ്ക്കാതെ കളത്തിലിറങ്ങിയ മുരളീധരനാകട്ടെ വ്യക്തമായ കണക്കു കൂട്ടലില്‍ തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. അഥവാ പരാജയപ്പെട്ടാലും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ആധിപത്യം ഉറപ്പിക്കുക എന്നതു തന്നെയാണ് മുരളീധരന്റെ ലക്ഷ്യം. ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയും മുരളീധരനുണ്ട്. നെഹറു കുടുംബത്തിന് മുന്‍പ് മുരളീധരനോടുള്ള നിലപാടല്ല ഇപ്പോഴുള്ളത്. അത് മുരളിയെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തോടെ പൊതു സമൂഹത്തിനും ബോധ്യമായി കഴിഞ്ഞിട്ടുണ്ട്. മറ്റു നേതാക്കള്‍ മടിച്ചടത്ത് ‘ചാവേറായി’ മത്സരിക്കാന്‍ തയ്യാറായ മുരളിയോട് വലിയ മതിപ്പാണ് രാഹുല്‍ ഗാന്ധിക്കുള്ളത്.

കെ.സി വേണുഗോപാലിനെയും ചെന്നിത്തലയെയും മുല്ലപ്പള്ളിയെയുമെല്ലാം അസ്വസ്ഥപ്പെടുത്തുന്ന ഒരു ബന്ധത്തിനു തന്നെയാണ് നേമത്ത് തുടക്കമായിരിക്കുന്നത്. യു.ഡി.എഫിന് സംസ്ഥാന ഭരണം കിട്ടിയാലും ഇല്ലെങ്കിലും മുരളീധരന് വലിയ പരിഗണന ഹൈക്കമാന്റ് നല്‍കാനാണ് സാധ്യത. 2016-ല്‍ നേടിയതിനേക്കാള്‍ വോട്ടുകള്‍ കൂടുതല്‍ നേടാന്‍ എന്തായാലും ഇത്തവണ മുരളീധരന് കഴിയും. ശക്തമായ ത്രികോണ മത്സരം നടന്നതിനാല്‍ നേമം ആര് കീഴടക്കം എന്നത് ആര്‍ക്കും തന്നെ ഉറപ്പിച്ച് പറയാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതേസമയം ബി.ജെ.പിയുടെ സിറ്റിംഗ് മണ്ഡലമായ നേമം പിടിച്ചെടുക്കാന്‍ കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്റ് രംഗത്തിറക്കിയിട്ടും തിരുവനന്തപുരം ജില്ലയിലെ ചില നേതാക്കള്‍ കാലുവാരിയതായ ആക്ഷേപവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

പ്രചാരണരംഗത്ത് പാര്‍ട്ടിയില്‍ നിന്ന് ആത്മാര്‍ത്ഥമായ ഇടപെടലുണ്ടായില്ലെന്ന ആക്ഷേപമാണ് ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉയര്‍ത്തുന്നത്. മുരളി സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിമുറുക്കുമെന്ന് ഭയപ്പെടുന്ന ചില പ്രമുഖ നേതാക്കളാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. നേമത്തെ പ്രചരണത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കാതിരിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായതും മുരളി അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാര്‍ച്ച് 30ന് വൈകിട്ടാണ് പ്രിയങ്ക തലസ്ഥാനത്തെത്തിയിരുന്നത്. നേമത്ത് മുരളീധരനു വേണ്ടി റോഡ്ഷോയും നിശ്ചയിച്ചിരുന്നു. വൈകിട്ട് 6ന് പൂജപ്പുരയില്‍ പ്രിയങ്ക ഹെലികോപ്റ്ററിലെത്തുമെന്ന സന്ദേശത്തെ തുടര്‍ന്ന് മുരളീധരന്‍ അവിടെ കാത്തുനില്‍ക്കുകയും ചെയ്തു.

ഈ സമയം ഇരുട്ടായാല്‍ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ ബുദ്ധിമുട്ടാണെന്ന വിവരം സുരക്ഷാ ഉദ്യോഗസ്ഥരിലാരോ സ്ഥാനാര്‍ത്ഥിയെ അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ പ്രിയങ്ക ഗാന്ധി കാര്‍ മാര്‍ഗം കുണ്ടമണ്‍കടവിലെത്തുമെന്ന വിവരം കൂടി ലഭിച്ചതോടെ മുരളീധരന്‍ അവിടേക്കും കുതിച്ചെത്തുകയാണുണ്ടായത്. രാത്രി എട്ടര മണിയായിട്ടും പ്രിയങ്ക എത്താതായപ്പോള്‍ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് നേരിട്ടെത്താനിടയുണ്ടെന്ന് ധരിച്ച് മുരളീധരനും സംഘവും പിന്നീട് ക്ഷേത്രത്തിന്റെ മുന്നിലെത്തുകയും ചെയ്തു. ചുമതലക്കാരായ ഡി.സി.സി തലപ്പത്തെ ഉന്നതരാണ് മുരളീധരനെ ഇങ്ങനെ വട്ടം കറക്കിയിരുന്നത്. മുരളീധരന്‍ കുണ്ടമണ്‍കടവില്‍ നിന്ന് പോയതിന് പിന്നാലെ പ്രിയങ്കയെയും കൂട്ടി നേതാക്കള്‍ ‘തന്ത്രപൂര്‍വ്വം’ കാറില്‍ അവിടെയെത്തുകയും ചെയ്തിരുന്നു.

‘എവിടെ മുരളീധരനെന്ന് പ്രിയങ്ക ആവര്‍ത്തിച്ച് ചോദിച്ചിട്ടും ‘ കാറില്‍ ഒപ്പമുണ്ടായിരുന്ന ഡി.സി.സിയിലെ ഉന്നതന്‍ മിണ്ടാതിരിക്കുകയാണുണ്ടായതത്രെ. ഈ സമയം കാറില്‍ വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ നായരും പ്രിയങ്കയുടെ പ്രസംഗം പരിഭാഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ട ജ്യോതി വിജയകുമാറും ഉണ്ടായിരുന്നു. കാറിലിരുന്ന ആരും മുരളിയെ ഫോണില്‍ ബന്ധപ്പെടാന്‍ തയ്യാറാവാത്തതും മനഃപൂര്‍വം പ്രിയങ്കയെ നേമത്തെത്തിക്കാതിരിക്കാനുള്ള ഗൂഢനീക്കമായാണ് മുരളി ക്യാംപ് സംശയിക്കുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചും പ്രിയങ്കയെ മുരളിയില്‍ നിന്ന് അകറ്റിനിറുത്താന്‍ ശ്രമമുണ്ടായെന്ന് ഡി.സി.സി അംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്.

തിരക്ക് കാരണം പുറത്ത് മുരളീധരന്‍ കാത്തുനിന്നപ്പോള്‍ ക്ഷേത്രത്തിന്റെ പിറകുവശത്ത് കൂടി പ്രിയങ്കയെയും കൂട്ടി ജില്ലാ നേതാക്കള്‍ മടങ്ങിയ കാര്യവും മുരളി അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ‘തരികിട’ ഏര്‍പ്പാട് പിന്നീട് പ്രിയങ്കക്ക് ബോധ്യപ്പെട്ടതോടെ പിറ്റേന്ന് മുരളീധരനെ അവര്‍ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട് നേമത്തേക്ക് മാത്രമായി പ്രചാരണത്തിനെത്തുമെന്ന് വാഗ്ദാനം ചെയ്യുകയാണുണ്ടായത്. എന്നാല്‍ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ നിരീക്ഷണത്തില്‍ പോകേണ്ടി വന്നതിനാല്‍ പ്രിയങ്കയുടെ രണ്ടാം വരവും നടക്കാതെ പോവുകയാണുണ്ടായത്. ഇതേതുടര്‍ന്ന് പ്രിയങ്ക കൂടി ആവശ്യപ്പെട്ടതിനു അനുസരിച്ചാണ് പ്രചാരണസമാപന ദിവസം രാഹുല്‍ ഗാന്ധി തന്നെ നേമത്തെത്തിയിരുന്നത്.

ഇതാകട്ടെ കോണ്‍ഗ്രസ്സിലെ മുരളി വിരുദ്ധര്‍ക്കുള്ള ശക്തമായ താക്കീതുമായി മാറിയിട്ടുണ്ട്. ബി.ജെ.പി വിരുദ്ധപോരാട്ടത്തിന്റെ ശക്തമായ സന്ദേശമായാണ് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയതെങ്കിലും കെ.പി.സി.സി പ്രസിഡന്റ് നേമത്ത് പ്രചാരണത്തിനെത്താതിരുന്നതും കോണ്‍ഗ്രസില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാല്‍ ഇതിനെല്ലാം ശക്തമായ മറുപടി മുരളി തന്നെ നേരിട്ടു നല്‍കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍.

 

Top