മുരളീധരനെതിരെ പ്രതിഷേധം ശക്തം, കട്ട കലിപ്പിൽ ആർ.എസ്.എസ് അണികൾ ! !

വി.മുരളീധരനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന നിലപാടില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍.

മുന്‍ ഡിജിപി, ടി.പി സെന്‍കുമാറിനെതിരായ മുരളീധരന്റെ പ്രതികരണമാണ് സംഘപരിവാര്‍ അണികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ശബരിമല വിഷയത്തിലും വെള്ളാപ്പള്ളിയോടുള്ള നിലപാടിലും മുരളീധരന് എതിരെയാണ് ആര്‍.എസ്.എസ് നിലപാട്.

വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച കേന്ദ്ര മന്ത്രിയുടെ നടപടി ദൂരൂഹമാണെന്നാണ് നേതാക്കള്‍ പറയുന്നത്.

സെന്‍കുമാറിനെയും ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനെയുമാണ് മുരളീധരന്‍ തള്ളിപ്പറഞ്ഞിരുന്നത്.

സെന്‍കുമാറിന് എന്‍.ഡി.എയുമായി ഒരു ബന്ധവും ഇല്ലന്നായിരുന്നു പ്രതികരണം. സുഭാഷ് വാസുവുമൊത്തുള്ള നീക്കങ്ങള്‍ ബി.ജെ.പിയുടെ അറിവോടെയല്ലന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

വെളളാപ്പളളിമാരെ സുഖിപ്പിക്കാനുള്ള ഈ പ്രതികരണമാണ് മുരളീധരനിപ്പോള്‍ വിനയായിരിക്കുന്നത്.

ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സെന്‍കുമാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സംഘ പരിവാര്‍ സംഘടനകളുടെ പരിപാടികളില്‍ നിറസാന്നിധ്യവുമാണ് അദ്ദേഹം.

ശബരിമല കര്‍മ്മസമിതി ദേശീയ ഉപാദ്ധ്യക്ഷനായി സെന്‍കുമാറിനെ നിയമിച്ചതും ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ടാണ്.

ആരോട് ആലോചിച്ചിട്ടാണ് മുരളീധരന്‍ സെന്‍കുമാറിന് എതിരെ പ്രതികരിച്ചതെന്നാണ് പരിവാര്‍ നേതൃത്വം ചോദിക്കുന്നത്.

സോഷ്യല്‍ മീഡിയകളില്‍ വലിയ രൂപത്തിലുള്ള വിമര്‍ശനമാണ് മുരളീധരനിപ്പോള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്.

സെന്‍കുമാറിന്റെ മറുപടിയാണ് പരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്.

ശബരിമല പ്രക്ഷോഭത്തില്‍ 993 കേസുകളാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വി.മുരളീധരന് എതിരെ എത്ര കേസുകള്‍ ഉണ്ടെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഇതുവഴി മുരളീധരന്റെ ശബരിമല നിലപാട് കൂടിയാണ് സെന്‍കുമാര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. വിയര്‍പ്പ് പൊടിയാതെ നടത്തുന്ന അധികാര രാഷ്ട്രീയത്തിന്റെ ‘ലഹരിയും’ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

എന്‍.ഡി.എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസാണുള്ളതെന്ന കാര്യവും സെന്‍കുമാര്‍ ഓര്‍മിപ്പിച്ചുണ്ട്.

സെന്‍കുമാര്‍ പറഞ്ഞതാണ് ശരിയെന്നാണ് സംഘപരിവാര്‍ അണികളില്‍ ഭൂരിപക്ഷവും പറയുന്നത്. അവരുടെ വികാര പ്രകടനവും അങ്ങനെ തന്നെയാണ്.

തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍.ഡി.എയില്‍ നിലനിര്‍ത്തുന്നതിനെതിരെയും പരിവാറില്‍ പ്രതിഷേധം ശക്തമാണ്.

സുഭാഷ് വാസുവിനെയും സെന്‍കുമാറിനെയും മുന്‍ നിര്‍ത്തി എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തില്‍ മാറ്റം വരുത്തണമെന്നതാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത്. ഇരുവരും വെള്ളാപ്പള്ളി മാര്‍ക്കെതിരെ നീങ്ങിയതും സംഘപരിവാര്‍ പിന്തുണയിലാണ്.

‘പണി’ കിട്ടുമെന്ന് പേടിച്ച് വെള്ളാപ്പള്ളിമാര്‍ നടത്തിയ അനുനയനീക്കമാണ് മുരളീധരനെ വീട്ടിലെത്തിച്ചിരുന്നത്. വെള്ളാപ്പള്ളിമാരുടെ സാന്നിധ്യത്തിലായിരുന്നു സെന്‍കുമാറിനെ മുരളീധരന്‍ തള്ളി പറഞ്ഞിരുന്നത്.

അച്ഛന്‍ ചുവപ്പിനൊപ്പവും മകന്‍ കാവിക്കൊപ്പവും എന്നതാണ് വെള്ളാപ്പള്ളിമാരുടെ ഇപ്പോഴത്തെ രാഷ്ട്രീയം. ഇതാകട്ടെ അവസരവാദപരവുമാണ്.

രണ്ടു സര്‍ക്കാറുകളെയും വെളളാപ്പള്ളിമാര്‍ ഭയക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഈ അവസരവാദികളെ മുന്നണിയില്‍ നിര്‍ത്തരുതെന്നാണ് സംഘപരിവാര്‍ അണികളുടെ ആവശ്യം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അവര്‍ ശരിക്കുമിപ്പോള്‍ അത് വ്യക്തമാക്കുന്നുമുണ്ട്.

കേരളത്തിലെ പരിവാര്‍ അണികളുടെ രോഷം കണ്ട് അന്തം വിട്ടിരിക്കുന്നത് ബി.ജെ.പി നേതൃത്വമാണ്.

നേതാക്കളെ മണിയടിച്ച് മന്ത്രിയായ മുരളീധരന്‍ വല്ലാതെ വാചകമടിക്കേണ്ടന്നാണ് ഉയരുന്ന വിമര്‍ശനം.കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ ഒരു സ്വാധീനവും മുരളീധരനില്ലന്നും പ്രതിഷേധക്കാര്‍ തുറന്നടിക്കുന്നുണ്ട്.

രോഷം തണുപ്പിക്കുന്നതിനായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും അതും ഫലിച്ചിട്ടില്ല.

സെന്‍കുമാര്‍ നല്ല സാമൂഹിക പ്രവര്‍ത്തകനാണെന്നാണ് സുരേന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്.സമൂഹത്തിന് മെച്ചപ്പെട്ട സേവനമാണ് അദ്ദേഹം നല്‍കുന്നതെന്നും സുരേന്ദ്രന്‍ പറയുകയുണ്ടായി.

k surendran

k surendran

ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ടത് കൊണ്ടാണ് സുരേന്ദ്രന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് സൂചന.

സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ സെന്‍കുമാറിന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ വില നല്‍കുന്നുണ്ടെന്നും അദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്.

വി.മുരളീധന്‍ കൊത്തിയ ‘വിഷം’ അദ്ദേഹത്തിന്റെ അനുയായി ആയ സുരേന്ദ്രനെ കൊണ്ട് തന്നെ ഇറക്കിപ്പിക്കുന്ന നിലപാടാണ് ആര്‍.എസ്.എസ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ഇപ്പോഴത്തെ അവസരം മുതലെടുക്കാന്‍ മുരളീധര വിരുദ്ധ വിഭാഗം നേതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്.

കുമ്മനം രാജശേഖരന്‍, എം.ടി രമേശ്, ശോഭ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കള്‍ മുരളീധരന് എതിരാണ്. എന്തിനേറെ മുരളീധരപക്ഷത്തെ നേതാക്കള്‍ തന്നെ സെന്‍കുമാറിന്റെ വിഷയത്തില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആര്‍.എസ്.എസിന്റെ മനമറിയാതെ മുരളീധരന്‍ പ്രതികരിച്ചത് ശരിയായില്ലന്ന് തന്നെയാണ് അവരുടെയും അഭിപ്രായം.

ആര്‍.എസ്.എസ് നേതത്വം ഇടപെട്ട് മുരളീധരന്റെ ‘കസേര’ തെറിപ്പിക്കുമോ എന്ന ആശങ്കയും, മുരളീധര അനുകൂലികളില്‍ വ്യപകമായുണ്ട്.

രാജ്യത്തെ ഏറ്റവും ശക്തമായ സംഘടനാ സംവിധാനം ആര്‍.എസ്.എസിനുള്ളത് കേരളത്തിലാണ്. അതു കൊണ്ടു തന്നെ കേരള ഘടകം അത്തരമൊരു ആവശ്യം ഉന്നയിച്ചാല്‍ നാഗപൂരിലെ ആസ്ഥാനത്തിന് നിരസിക്കാന്‍ കഴിയുകയില്ല. സാക്ഷാല്‍ അമിത് ഷാ വിചാരിച്ചാല്‍ പോലും അത്തരമൊരു സാഹചര്യത്തില്‍ മുരളിയെ സംരക്ഷിക്കാനും കഴിയില്ല. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് മുരളിധരപക്ഷ നേതാക്കളെയും ആശങ്കയിലാഴ്ത്തുന്നത്.

ചുരുക്കി പറഞ്ഞാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണിപ്പോള്‍ കേന്ദ്രമന്ത്രി മുരളീധരന്‍.

Political Reporter

Top