കേരളത്തിൽ 2030 ആകുന്നതോടെ സംഭവിക്കാവുന്ന പത്ത് കാര്യങ്ങൾ പ്രവചിച്ച് മുരളി തുമ്മാരുകുടി

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ബോട്ട് ദുരന്തവും ഡോക്ടറുടെ കൊലപാതകവും പ്രവചിച്ചുകൊണ്ടുള്ള മുരളി തുമ്മാരുകുടിയുടെ ​സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലായിരുന്നു. സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തി അദ്ദേഹം പങ്കുവച്ച കുറിപ്പുകളെല്ലാം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ കേരളത്തെ കുറിച്ചുള്ള പത്ത് പ്രവചനങ്ങൾ നടത്തുകയാണ് മുരളി തുമ്മാരുകുടി. കേരളത്തിലെ ജനസംഖ്യ, ഡിവോഴ്സ് റേറ്റ്, വിവാഹം, നഗരങ്ങളിലേക്ക് വന്യമൃഗങ്ങളെത്തുന്നതടക്കം പത്ത് കാര്യങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

മുരളി തുമ്മാരുകുടിയുടെ കുറിപ്പിങ്ങനെ…

എന്റെ വല്യച്ഛൻ, കിഴുപ്പള്ളി അച്യുതൻ നായർ, പേര് കേട്ട ഒരു ജ്യോൽസ്യൻ ആയിരുന്നു. ചെറുപ്പത്തിൽ അച്ഛന്റെ വീട്ടിൽ പോകുമ്പോൾ രാവിലെ ഏഴു മണിമുതൽ വൈകീട്ട് എട്ടു മണിക്കും വല്യച്ഛനെ കാണാൻ വീട്ടിൽ ആളുണ്ടാകും. ഗുരുത്വവും ദൈവാധീനവും ആണ് താൻ ചെയ്യുന്ന തൊഴിലിൽ മറ്റുള്ളവർ വിശ്വാസമർപ്പിക്കാൻ കാരണം എന്ന് വല്യച്ഛൻ വിശ്വസിച്ചിരുന്നു.

ഞാൻ പക്ഷെ ജ്യോതിഷത്തിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല. എന്നാൽ ഭൂതവും വർത്തമാനവും ശരിക്കും ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്താൽ ഭാവി പ്രവചിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് ഇടക്കിടക്ക് കുറച്ചു പ്രവചനങ്ങളുമായി വരുന്നത്. തൽക്കാലം ഫ്ളാറ്റിലെ അഗ്നിബാധയും രൂപയുടെ താഴോട്ടുള്ള പോക്കും ആണ് ഞാൻ പ്രവചിച്ചു വെച്ചതിൽ ഇനി ബാക്കിയുള്ളത്. അതിനധികം സമയമില്ല. അതുകൊണ്ട് കുറച്ചു പ്രവചനങ്ങൾ പുതിയത് എടുക്കാം

2030 ആകുന്നതോടെ

1. കേരളത്തിലെ ജനസംഖ്യ കുറഞ്ഞു തുടങ്ങും.
2. കേരളത്തിലെ ഡിവോഴ്സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും, ഇന്ത്യയിൽ # 1 ആകും.
3. അറേഞ്ച്ഡ് മാരേജ്‌ എന്നുള്ളത് അപൂർവമായി സംഭവിക്കുന്ന ഒന്നാകും.
4. പെൻഷൻ പ്രായം അറുപതിന് മുകളിൽ പോകും.
5. ഓരോ പഞ്ചായത്തിലും ഓരോ റിട്ടയർമെന്റ് ഹോം ഉണ്ടാകും.
6. പെരുന്പാവൂർ ഉൾപ്പടെയുള്ള നഗരങ്ങളിൽ വന്യമൃഗങ്ങൾ എത്തും.
7. കേരളത്തിൽ സ്‌കൂളുകളും കോളേജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങും.
8. ഒരേക്കറിന് മുകളിലുള്ള ഭൂമിയുടെ വില കുറഞ്ഞു വരും.
9. വിദേശത്തുനിന്നും വരുന്ന പണത്തിന്റെ അളവ് കുറഞ്ഞു വരും.
10. കേരളത്തിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം താഴേക്ക് വരും.
നിങ്ങളുടെ അഭിപ്രായം കേൾക്കട്ടെ. ഇതൊക്കെ നടക്കുമോ?

Top