മൂന്നാര്‍ ഇനി ഓരാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണിലേയ്ക്ക്; കടകളെല്ലാം അടച്ചു

ഇടുക്കി: നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്ന് പതിവായയോടെ മൂന്നാര്‍ ഇനി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേയ്ക്ക്.ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തന്നെ മൂന്നാറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചു. മെഡിക്കല്‍ സ്റ്റോര്‍, ബാങ്കുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ മാത്രമായിരിക്കും ഏപ്രില്‍ 16 വരെ ഇനി തുറന്ന് പ്രവര്‍ത്തിക്കുക.

സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ ഇന്ന് ആളുകളുടെ നീണ്ട നിരയായിരുന്നു പ്രത്യക്ഷപ്പെട്ടത്. പലയിടത്തും തിരക്ക് മൂലം സാമൂഹിക അകലം പാലിക്കണം എന്ന നിര്‍ദ്ദേശം ലംഘിക്കപ്പെട്ടു.

ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കടകളില്‍ അവശ്യസാധനങ്ങള്‍ ഉറപ്പ് വരുത്തുമെന്നും ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.

സമ്പൂര്‍ണ്ണ അടച്ചിടല്‍ നിലവില്‍ വന്നതോടെ പുറത്തിറങ്ങുന്നവര്‍ക്ക് ഇനി ഇളവുകളുണ്ടാവില്ല. പ്രായപൂര്‍ത്തിയാകാത്തവരും മുതിര്‍ന്ന പൗരന്മാരും പുറത്തിറങ്ങിയാല്‍ വീട്ടുകാര്‍ക്ക് എതിരെ കേസെടുക്കും.

പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഓരോ വഴികളിലും മണിക്കൂറില്‍ ശരാശരി 150 പേര്‍ വരെ പുറത്തിറങ്ങുന്നുവെന്ന് കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കാട്ടുവഴികളിലൂടെയും ആളുകള്‍ കേരളത്തിലെത്തുന്നു. ഈ സാഹചര്യത്തിലാണ് വിവിധ വകുപ്പുകളുമായി ആലോചിച്ച് ജില്ലാഭരണകൂടം സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്.

Top