രാജമലയിലെ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു; മണ്ണിനടിയില്‍ ഇനിയും 48 പേര്‍

തൊടുപുഴ: വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ കാണാതായ 48 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. എട്ടു കുട്ടികള്‍ അടക്കം 48 പേരെയാണ് കണ്ടെത്താനുള്ളത്. മരണം 18 ആയി. 15 പേരെ ഇന്നലെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. ഇന്നലെ മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളാണ്.

ദേശീയ ദുരന്തനിവാരണ സേനയുടെ ആരക്കോണത്ത് നിന്നുള്ള 58 അംഗ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. 9 മണിയോടെ മന്ത്രി എംഎം മണി മൂന്നാറില്‍ എത്തും. റവന്യൂമന്ത്രി 11 മണിയോടെ മൂന്നാറിലെത്തും. രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്.

പെട്ടിമുടിയില്‍ മരിച്ചവരുടെ സംസ്‌കാരം ഇവരുടെ ലയങ്ങള്‍ക്ക് സമീപം തന്നെ നടത്താനാണ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടവും പെട്ടിമുടിയില്‍ തന്നെ നടക്കും. ആര്‍ത്തലച്ച് കരയുന്ന പാവപ്പെട്ട തോട്ടം തൊഴിലാളികളെയാണ് രാജമലയിലും ടാറ്റ ആശുപത്രിയിലും കാണാനാകുന്നത്.

Top