മൂന്നാര്‍ മണ്ണിടിച്ചില്‍ ; ഒരു കുട്ടി ഉള്‍പ്പെടെ 14 മരണം, 9 പേരെ തിരിച്ചറിഞ്ഞു

മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഗാന്ധിരാജ്(48), ശിവകാമി(38),വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്‍(46), മയില്‍സ്വാമി(48), കണ്ണന്‍(40), അണ്ണാദുരൈ(44), രാജേശ്വരി(43) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

78 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി. മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. 83 പേര്‍ താമസിച്ചിരുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നു. രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നാണ് വിവരം. എഴുപതില്‍ കൂടുതല്‍ പേരുടെ ജീവന്റെ കാര്യത്തില്‍ ആശങ്കയുണ്ട്.

മൂന്നാറിലെ ദുരന്തമേഖലയില്‍നിന്നും എയര്‍ലിഫ്റ്റിംഗ് പ്രതിസന്ധിയിലാണ്. കാലാവസ്ഥയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കേരളം വ്യോമസേനയോട് ഹെലിക്കോപ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു. വ്യോമസേനയുടെ 50 അംഗ സംഘം പ്രദേശത്തേയ്ക്ക് പുറപ്പെട്ടു.

നിലവില്‍ റോഡ് മാര്‍ഗമാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. എന്നാല്‍ പലയിടങ്ങളിലും കനത്ത മഴയില്‍ റോഡ് തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.

Top