മൂന്നാറില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്ന് എം.എം. മണി

mm mani

മൂന്നാര്‍: മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്ന് മന്ത്രി എം.എം. മണി. മഴ കൂടുകയാണെങ്കില്‍ അപകട സാധ്യതയുണ്ടെന്നും എന്നാല്‍ നിലവില്‍ പ്രളയമുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

ചെറിയ ഡാമുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. മറ്റുള്ളവ വെള്ളം നിറയുന്ന മുറയ്ക്ക് തുറക്കും. എല്ലാ മുന്‍കരുതലകളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മണ്ണിടിഞ്ഞുവീണ് നാല് പേര്‍ മരിച്ചു. 83 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇതില്‍ 67 പേര്‍ മണ്ണിനടിയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

മണ്ണിടിഞ്ഞു വീണ സ്ഥലത്ത് അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നും കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്കു തിരിച്ചു. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ ആശുപത്രികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

Top