മൂന്നാര്‍ വിവാദ പ്രസംഗം ; എം എം മണിക്കെതിരെ കേസെടുക്കാനാകില്ലന്ന് പൊലീസ്‌

തിരുവനന്തപുരം: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരെ കേസെടുക്കാനാകില്ലന്ന് പൊലീസ്.

മണിക്കെതിരേ പരാതി നല്‍കിയ ജോര്‍ജ് വട്ടുകുളത്തെ ഇക്കാര്യം മൂന്നാര്‍ ഡിവൈഎസ്പി രേഖാമൂലം അറിയിച്ചു. മന്ത്രിക്കെതിരേ ക്രിമിനല്‍ നടപടി അനുസരിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചുവെന്നാണ് പൊലീസിന്റെ വിശദീകരണം. നേരിട്ട് കേസെടുക്കാനുള്ള കുറ്റകൃത്യം നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ മന്ത്രി എം എം മണിയുടെ പ്രസ്താവനയാണ് വിവാദമായത്.

മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടി. അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

സംഭവം വിവാദമായതോടെ മന്ത്രി ഖേദപ്രകടനം നടത്തി തലയൂരുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ മണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും പ്രതിപക്ഷവും ശക്തമായി രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് മൂന്നാര്‍ ഡിവൈഎസ്പിക്ക് ജോര്‍ജ് വട്ടുകുളം പരാതി നല്‍കിയത്.

Top