മരടില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ കുളത്തിന് ഉടന്‍ സംരക്ഷണ ഭിത്തി കെട്ടുമെന്ന് നഗരസഭ

maradu accident

കൊച്ചി: മരട് കാട്ടിത്തറയില്‍ ഡേ കെയര്‍ സ്ഥാപനത്തിന്റെ വാന്‍ മറിഞ്ഞ കുളത്തിന് ഉടന്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുമെന്ന് മരട് നഗരസഭ. സംരക്ഷണ ഭിത്തി വേണമെന്ന് കാലങ്ങളായി നാട്ടുകാര്‍ ആവശ്യമുന്നയിച്ചിരുന്നെങ്കിലും നഗരസഭ അലംഭാവം കാട്ടുകയായിരുന്നു. ഒടുവില്‍ രണ്ടു കുട്ടികളും ആയയും മരിച്ചതോടെ പ്രതിഷേധം ഭയന്ന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കാമെന്ന് നഗരസഭ സമ്മതിക്കുകയായിരുന്നു. സംരക്ഷണ ഭിത്തി നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് നഗരസഭ അറിയിച്ചു. ഇതേ സ്ഥലത്ത് ഒരു വര്‍ഷം മുന്‍പ് ടിപ്പര്‍ കുളത്തിലേക്ക് മറിഞ്ഞ സംഭവമുണ്ടായിരുന്നു.

അതേസമയം ഐപിസി 304 എ വകുപ്പ് ചുമത്തി മനപൂര്‍വമല്ലാത്ത നരഹത്യക്ക് ഡ്രൈവര്‍ അനില്‍കുമാറിനെതിരെ കേസെടുത്തു. അന്വേഷണത്തില്‍ മറ്റ് കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും സാധ്യതയുണ്ട്. സംഭവത്തില്‍ ആദിത്യന്‍, വിദ്യാ ലക്ഷ്മി (4 വയസ്) എന്നീ കുട്ടികളും ആയ ലതാ ഉണ്ണിയുമാണ് മരിച്ചത്.

വാന്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാഹനം അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇത് വ്യക്തമാവുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അതേസമയം അനില്‍കുമാര്‍ ഇപ്പോഴും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

Top