മുനീർ ലക്ഷ്യമിട്ടത് പിണറായിയെ അല്ല, സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ . . . !

മുഖ്യമന്ത്രിക്കെതിരെയും സി.പി.എമ്മിനെതിരെയും മുസ്ലീംലീഗ് നേതാവ് എം.കെ മുനീർ നിലപാട് കടുപ്പിക്കുന്നതിനു പിന്നിലുള്ളത് നിലനിൽപ്പിന്റെ രാഷ്ട്രിയം. ഇടതുപക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന ലീഗിലെ തന്നെ പ്രബല വിഭാഗത്തിന് ശക്തമായി തടയിടുക എന്നതാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം. കമ്യൂണിസ്റ്റുകളുടെ ‘നൻമകളെ’ ഇത്തവണ തുറന്നു പറയാൻ തയ്യാറായത് കുഞ്ഞാലിക്കുട്ടി മാത്രമല്ല ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയാണ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ”കേരളത്തിൽ കാവി രാഷ്ട്രീയത്തെ തടയാൻ സി.പി.എം വഹിച്ച പങ്കിനെ പുകഴ്ത്തിയതോടൊപ്പം ” സി.പി.എം ഇല്ലാത്ത കേരളത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലന്നും സാദിഖലി വ്യക്തമാക്കുകയുണ്ടായി. ഈ പ്രതികരണം കോൺഗ്രസ്സ് നേതാക്കളെ മാത്രമല്ല ലീഗിലെ മുനീർ വിഭാഗത്തെയും ശരിക്കും ഞെട്ടിച്ച സംഭവമാണ്.

സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഒരക്ഷരം പറയാനുള്ള ശേഷി മുനീർ വിഭാഗത്തിന് ഇല്ലാത്തതു കൊണ്ടു മാത്രമാണ് അവർ നിശബ്ദരായിരുന്നത്. എന്നാൽ തങ്ങൾക്കുളളിലെ എതിർപ്പ് സംസ്ഥാന നേതൃയോഗത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിച്ചു വയ്ക്കാനും ആ വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകാനും മുനീർ വിഭാഗം നേതാക്കൾ ശ്രമിക്കുകയുണ്ടായി. കൊച്ചിയിൽ നടന്ന ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഉയർന്ന വിമർശനം ഈ തിരക്കഥ മൂലമാണ് നടന്നിരുന്നത്. വിമർശനം ഉന്നയിച്ച മുനീർ വിഭാഗം നേതാവിനെ പിന്നീട് ലീഗ് നേത്രത്വം നടപടി എടുത്ത് ഒഴിവാക്കിയതും രാഷ്ട്രീയ കേരളം കണ്ടതാണ്. നേതൃത്വത്തിനെതിരെ ശബ്ദിച്ചാൽ ”പടിക്ക് പുറത്ത് ” എന്ന സന്ദേശം മുനീറിനും കെ.എം ഷാജിക്കും ഉൾപ്പെടെ നൽകുന്ന മുന്നറിയിപ്പു കൂടിയാണിത്.

ഇതിനു ശേഷം കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിനു മറുപടിയായി വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടില്ലന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചതും മുനീർ വിഭാഗത്തിനാണ് തിരിച്ചടിയായിരുന്നത്. സർക്കാർ ഇത്തരം ഒരു തീരുമാനം എടുക്കാത്ത കാലത്തോളം രാഷ്ട്രീയമായി മാത്രമല്ല പാർട്ടിക്കുള്ളിലെ എതിർ ചേരിക്കെതിരെയും ഉപയോഗപ്പെടുത്താം എന്നതായിരുന്നു മുനീർ വിഭാഗത്തിന്റെ കണക്കുകൂട്ടൽ.

ഈ വിഷയത്തിൽ നേരത്തെ മുസ്ലീംലീഗ് നേതൃത്വത്തെ തള്ളി മുഖ്യമന്ത്രിയിൽ വിശ്വാസമർപ്പിച്ചിരുന്നത്, മുസ്ലിംലീഗ് വോട്ട് ബാങ്കായ സമസ്തയായിരുന്നു. ആ സമസ്തക്ക് കൊടുത്ത വാക്കാണ് കുഞ്ഞാലിക്കുട്ടിക്ക് നൽകിയ മറുപടിയിലൂടെ മുഖ്യമന്ത്രിയും പാലിച്ചിരിക്കുന്നത്. ഇതാടെ സമസ്തയിൽ മാത്രമല്ല ലീഗിലും ഇടതുപക്ഷത്തോടുള്ള എതിർപ്പിൽ കാര്യമായ മാറ്റമാണ് വന്നിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിൽ കുടി പരാജയപ്പെട്ടാൽ യു.ഡി.എഫ് വിടാൻ മുസ്ലീംലീഗ് നിർബന്ധിക്കപ്പെടുമെന്നതാണ് നിലവിലെ അവസ്ഥ. മുനീർ വിഭാഗത്തെ ആശങ്കപ്പെടുത്തുന്നതും അതു തന്നെയാണ്. ഈ വിഭാഗത്തെ സംബന്ധിച്ച് ഒരിക്കലും ഇടതുപക്ഷത്തോട് സഹകരിക്കാൻ കഴിയുകയില്ല. പ്രബല വിഭാഗം വിട്ടു പോയാൽ പിന്നെ ഇവർ മാത്രമായിട്ട് യു.ഡി.എഫിൽ നിന്നിട്ടു കാര്യവുമില്ല. ഈ തിരിച്ചറിവും നിലവിൽ മുനീർ – കെ.എം.ഷാജി വിഭാഗത്തിനുണ്ട്.

അതേസമയം വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ പൊന്നാനി ലോകസഭ മണ്ഡലം കൈവിട്ടു പോകുമോ എന്ന ഭയം ലീഗിലെ രണ്ട് വിഭാഗത്തിലും ഒരു പോലെയാണുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുവച്ചു നോക്കിയാൽ പതിനായിരത്തിന്റെ ഭൂരിപക്ഷം മാത്രമാണ് ലീഗിന് ഈ ലോകസഭ മണ്ഡലത്തിലുള്ളത്. ഇടതുപക്ഷത്തെ സംബന്ധിച്ച് എളുപ്പത്തിൽ മറികടക്കാവുന്ന ഭൂരിപക്ഷമാണിത്. അങ്ങനെ സംഭവിച്ചാൽ മലപ്പുറം എന്ന ഒറ്റ സീറ്റിൽ ലീഗും ഒതുങ്ങും. എന്നാൽ ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോട് സഹകരിക്കാൻ ലീഗ് തയ്യാറായാൽ മൂന്ന് ലോകസഭ സീറ്റുകളാണ് അവർക്ക് ലഭിക്കുക. മലപ്പുറം, പൊന്നാനി സീറ്റിനു പുറമെ വയനാട്ടിലും അത്തരമൊരു സഖ്യത്തിൽ ലീഗിന് വിജയിക്കാൻ കഴിയും. കുഞ്ഞാലിക്കുട്ടി വിഭാഗം മുന്നോട്ട് വയ്ക്കുന്നതും ഈ പ്രായോഗിക രാഷ്ട്രീയമാണ്.

 

മുനീർ വിഭാഗം പറയുന്നതു പോലെ മുന്നോട്ട് പോയാൽ ലോകസഭ തിരഞ്ഞെടുപ്പിൽ മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പിലും തിരിച്ചടി ഉണ്ടാകുമെന്നും ഇനി ഒരിക്കൽ കൂടി സംസ്ഥാന ഭരണം ലഭിച്ചില്ലങ്കിൽ പാർട്ടി തന്നെ ഇല്ലാതാകുമെന്നുമാണ് കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ മുന്നറിയിപ്പ്. സാദിഖലി ശിഹാബ് തങ്ങളെ ഇപ്പോൾ ഇരുത്തി ചിന്തിപ്പിക്കുന്നതും ഈ വാദങ്ങളാണ്. ഹൈദരലി ശിഹാബ് തങ്ങളല്ല, സാദിഖലി ശിഹാബ് തങ്ങൾ എന്നതിനാൽ അദ്ദേഹം ഭാവിയിൽ എന്തു തീരുമാനം എടുക്കുമെന്നത് ലീഗിലെ ഒരു വിഭാഗത്തിനും ചിന്തിക്കാൻ പോലും പറ്റുകയില്ല. ഇക്കാര്യത്തിലും, ആശങ്ക ഏറെയുള്ളത് മുനീർ വിഭാഗത്തിനു മാത്രമാണ്. കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ ‘അജണ്ട’ നടപ്പാക്കാതിരിക്കാൻ മുഖ്യമന്ത്രിയോടും സി.പി.എമ്മിനോടുമുള്ള എതിർപ്പ് കൂടുതൽ വർദ്ധിപ്പിക്കാനാണ് മുനീർ വിഭാഗം നിലവിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വിവാദ പ്രസ്താവനയും അതിന്റെ ഭാഗം തന്നെയാണ്. എന്തു പറയണം പറയരുത് എന്നത് ഡോക്ടറായ മുനീറിന് ശരിക്കും അറിയാം അതു കൊണ്ട് ഇതൊരു പിഴവല്ല, തിരുത്തിയാൽ മാത്രം തിരുത്തപ്പെടുന്നതുമല്ല. അതും ഓർത്തു കൊള്ളണം.

മുഖ്യമന്ത്രി പിണറായി വിജയൻ… സാരിയും ബ്ലൗസുമിട്ടാൽ എന്താ കുഴപ്പമെന്നാണ്, എം കെ മുനീർ പരസ്യമായി ചോദിച്ചിരുന്നത്. ‘ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ’യുള്ള നിലപാടിന്റെ ഭാഗമായി എന്ന് തോന്നിപ്പിക്കുന്ന രൂപത്തിലാണ് ഈ വിചിത്രവാദം മുനീർ ഉയർത്തിയിരുന്നത്. പ്രസ്താവന വിവാദമായപ്പോൾ ”ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് ” താന്‍ പറഞ്ഞതെന്നും സ്ത്രീകളെ നിരാകരിക്കുന്നതാണ് സി.പി.എമ്മിന്റെ ഘടനയെന്നാണ് ചൂണ്ടിക്കാട്ടിയതെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്.

മുനീറിന്റെ ഈ വിശദീകരണത്തിനൊപ്പം തന്നെ സി.പി.എമ്മുമായി ആശയപരമായി മുസ്ലിം ലീഗിനു ചേര്‍ന്നുപോകാനാകില്ലന്നു കൂടി വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രപരമായ നീക്കമാണിത്. ലീഗിലെ എതിർ വിഭാഗത്തിനുള്ള മറുപടി എന്നു തന്നെ ഇതിനെയും വിശേഷിപ്പിക്കാവുന്നതാണ്. ബോധപൂർവ്വം സാഹചര്യങ്ങൾ സൃഷ്ടിച്ച് ലീഗിനുള്ളിൽ സി.പി.എം വിരുദ്ധ വികാരം ആളിക്കത്തിക്കുകയും അതുവഴി എതിർ വിഭാഗത്തിന്റെ നീക്കങ്ങൾക്ക് തടയിടുക എന്നതുമാണ് മുനീറിന്റെ ലക്ഷ്യം. കിട്ടാവുന്ന വേദികളിൽ കെ.എം ഷാജിയും സി.പി.എമ്മിനെതിരെ നിലപാട് കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. കൈവിട്ട ‘കളി’ കളാണ് രണ്ടു നേതാക്കളും സ്വന്തം പാർട്ടിക്കകത്തു ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ചില കോൺഗ്രസ്സ് നേതാക്കളുടെ പിന്തുണയുമുണ്ട്

എന്നാൽ, കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മുനീർ പക്ഷത്തിന് ലീഗിൽ വേണ്ടത്ര സ്വാധീനം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ആ പാർട്ടി ഇപ്പോൾ ശരിക്കും പുകഞ്ഞു കൊണ്ടിരിക്കുകയാണ്. യു.ഡി.എഫിൽ തുടരുന്നത് എത്രനാൾ എന്ന ചോദ്യവും ലീഗ് നേതൃത്വം നേരിടുന്നുണ്ട്. കേരള കോൺഗ്രസ്സ് മുന്നണിയിൽ വരാതെ ഒരു ഭരണത്തെ കുറിച്ച് സ്വപ്നം പോലും കാണാൻ കഴിയില്ലന്ന അഭിപ്രായം മുനീർ വിഭാഗത്തിലും പ്രകടമാണ്. ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിർത്താൻ കോൺഗ്രസ്സിൽ സമ്മർദ്ദം ചെലുത്തിയവരിൽ ലീഗിലെ ഈ വിഭാഗവും ഉണ്ട്. രണ്ടു കയ്യും നീട്ടി യു.ഡി.എഫ് സ്വീകരിക്കാൻ തയ്യാറായിട്ടും ആ നീക്കത്തോട് മുഖം തിരിക്കുന്ന നിലപാടാണ് നിലവിൽ കേരള കോൺഗ്രസ്സ് സ്വീകരിച്ചിരിക്കുന്നത്. ശക്തമായി തന്നെ, ഇടതുപക്ഷത്ത് തുടരുമെന്നാണ് ജോസ്.കെ മാണി അറിയിച്ചിരിക്കുന്നത്. ഇതോടെ യു.ഡി.എഫിൻ്റെ ‘ആ’ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. ഇപ്പോൾ കോൺഗ്രസ്സും ലീഗും മാത്രമാണ് യു.ഡി.എഫിലെ ജനസ്വാധീനമുള്ള ഘടകകക്ഷികൾ.

ജോസഫ് വിഭാഗം കേരള കോൺഗ്രസ്സ്, വെറും ‘പടം’ മാത്രമാണെന്ന് വൈകിയാണെങ്കിലും മുസ്ലീംലീഗും തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഈ രൂപത്തിൽ മുന്നണി മുന്നോട്ട് പോയാൽ ഒന്നും നേടാനാകില്ലന്നതാണ് ലീഗ് അണികൾക്കിടയിലെയും വിലയിരുത്തൽ. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ പോലെ ഒരു വമ്പൻ വിജയം അത് കോൺഗ്രസ്സു പോലും പ്രതീക്ഷിക്കുന്നുമില്ല. ഏറിയാൽ 10 സീറ്റുകൾ അതാണ് യു.ഡി.എഫ് നേതൃത്വം പോലും പ്രതീക്ഷിക്കുന്നത്. രാഹുൽ ‘എഫക്ട്’ ഇനി നടപടിയാകില്ലന്നതും വ്യക്തമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയം കോൺഗ്രസ്സ് അണികൾക്ക് ആവേശം പകർന്നിട്ടുണ്ടെങ്കിലും സിറ്റിംഗ് സീറ്റ് നിലനിർത്തി എന്നതിനും അപ്പുറം അതൊരു സർക്കാർ വിരുദ്ധ തരംഗമാണ് എന്ന അഭിപ്രായം ലീഗ് നേതാക്കൾക്കു പോലും ഇല്ലന്നതാണ് യാഥാർത്ഥ്യം. ഈ യാഥാർത്ഥ്യങ്ങളിൽ നിന്നാണ് ഇപ്പോൾ പുതിയ ചിന്തകളും ലീഗിൽ ശക്തമായിരിക്കുന്നത്. മുനീർ വിഭാഗത്തിന്റെ ചങ്കിടിപ്പിക്കുന്നതും അതു തന്നെയാണ്.


EXPRESS KERALA VIEW

Top