സര്‍ക്കാര്‍ രൂപീകരണം വൈകും; ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശനം റദ്ദാക്കി

മുംബൈ: ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ നടത്താനിരുന്ന അയോധ്യ സന്ദര്‍ശനം റദ്ദാക്കി. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം വൈകുന്ന സാഹചര്യത്തിലാണ് അദ്ദേഹം സന്ദര്‍ശനം മാറ്റിവച്ചതെന്നാണ് സൂചന. പാര്‍ട്ടി നേതാവിന സ്വീകരിക്കാന്‍ അയോധ്യയിലെ പ്രവര്‍ത്തകര്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സന്ദര്‍ശനം റദ്ദാക്കിയെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നത്.

അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് ഉദ്ധവ് നവംബര്‍ 24ന് അയോധ്യ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂണില്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും അയോധ്യ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് നവംബറില്‍ ഉദ്ധവ് മാത്രം അയോധ്യ സന്ദര്‍ശിച്ചിരുന്നു. അയോധ്യ സന്ദര്‍ശനത്തിനുള്ള പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചത്.

എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് ശിവസേന സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചതെങ്കിലും മുഖ്യമന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവെക്കണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചുനിന്നതോടെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തടസം നേരിട്ടു. ഇതോടെയാണ് ശിവസേന സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ തുടങ്ങിയത്.

ഇതിനുശേഷം ശിവസേന എന്‍ഡിഎ യോഗം ബഹിഷ്‌കരിക്കുകയും പാര്‍ലമെന്റില്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Top