മഹാരാഷ്ട്രയില്‍ 21,160 രൂപയുടെ ‘ഉള്ളി മോഷണം’; പ്രതികള്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ഡോംഗ്രിയില്‍ നിന്ന് ഉള്ളി മോഷ്ടിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 21,160 രൂപയുടെ ഉള്ളി ഇവര്‍ ഈ മാസം അഞ്ചാം തീയതിയാണ് മോഷ്ടിച്ചത്. മുംബൈയിലെ പ്രശസ്തമായ പച്ചക്കറിച്ചന്തകളിലൊന്നായ ഡോംഗ്രി മാര്‍ക്കറ്റില്‍ രണ്ട് കടകളില്‍ നിന്നായി കിലോക്കണക്കിന് ഉള്ളിയാണ് കാണാതായത്. പൊലീസെത്തി കണക്ക് കൂട്ടി നോക്കിയപ്പോള്‍ ആകെ 168 കിലോ ഉള്ളി പോയിരുന്നു.

ഞായറാഴ്ച രാവിലെയാണ് കടയുടമകളായ ഇര്‍ഫാനും, അക്ബറും കട തുറന്ന് നോക്കിയപ്പോള്‍ ഒരു വശത്ത് വലിയ ചാക്കുകളിലാക്കി വച്ച പുതിയ സ്റ്റോക്ക് ഉള്ളി മുഴുവനും കാണാതായത്. 112 കിലോ ഉള്ളിയാണ് അക്ബറിന്റെ പക്കലുണ്ടായിരുന്നത്. ഇര്‍ഫാന്റെ പക്കലുണ്ടായിരുന്നത് 56 കിലോയും. തുടര്‍ന്ന് അക്ബറും ഇര്‍ഫാനും ഡോംഗ്രി പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. വിപണിയിലെ ഉള്ളിയുടെ വിലവര്‍ധനവാണ് തങ്ങളെ മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് അറസ്റ്റിലായ പ്രതികള്‍ പറഞ്ഞു.

Top