‘ഞാന്‍ എന്‍സിപിയിലാണ്, ശരദ് പവാര്‍ ഞങ്ങളുടെ നേതാവ്’: അജിത് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ സുപ്രീം കോടതി ഇടപെടല്‍ എന്തായിരിക്കുമെന്ന കാത്തിരിപ്പിന്റെ മണിക്കൂറുകള്‍ ശേഷിക്കെ അണിയറയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവവുമാണ്. വിമത എംഎല്‍എമാര്‍ ഒന്നൊന്നായി എന്‍സിപി ക്യാംപിലേക്ക് എത്തിയിരിക്കുന്നു. ഈ ഘട്ടത്തില്‍ അജിത് പവാറിന്റെ ട്വീറ്റ് വലിയ അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.

‘ഞാന്‍ എന്‍സിപിയിലാണ്, എന്നും എന്‍സിപിയില്‍ ആയിരിക്കും. കൂടാതെ ശരദ് പവാര്‍ സാഹേബ് ആണ് ഞങ്ങളുടെ നേതാവ്’ ‘ഞങ്ങളുടെ ബിജെപി-എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍ അടുത്ത അഞ്ച് വര്‍ഷം സുസ്ഥിരമായ സര്‍ക്കാരിന് രൂപം നല്‍കും. അത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും,’എന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ട്വീറ്റുകളിലൊന്ന്.

ഇതോടൊപ്പമുള്ള മറ്റൊരു ട്വീറ്റ് ഇങ്ങനെ, ‘ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല, എല്ലാം നന്നായിരിക്കുന്നു. എന്നിരുന്നാലും സമാധാനം വേണം. എല്ലാവരുടെയും പിന്തുണക്ക് നന്ദി.’

അജിത് പവാറിനെ തിരികെയെത്തിക്കാനുള്ള എന്‍സിപിയുടെ ശ്രമങ്ങള്‍ പാളിയെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മറുവശത്ത് ഭൂരിപക്ഷം ഉറപ്പിക്കാന്‍ ശരദ് പവാറിനെ തന്നെ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബിജെപി. എന്‍സിപി നേതൃത്വത്തിന്റെ കണക്ക് പ്രകാരം അഞ്ച് എംഎല്‍എമാര്‍ മാത്രമാണ് അജിത് പവാറിനൊപ്പമുള്ളത്. അതില്‍ മൂന്ന് പേരും ഉടന്‍ തിരികെയെത്തുമെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറയുന്നു. സമ്മര്‍ദ്ദത്തിലായ അജിത് പവാറിനെ തിരികെയെത്തിക്കാന്‍ രാവിലെ മുതല്‍ പവാര്‍ ശ്രമം തുടങ്ങിയിരുന്നു.

എംഎല്‍എ ദിലീപ് വല്‍സേ പാട്ടീല്‍ അജിത് പവാറിനെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി. പുതിയ നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീല്‍ ഉച്ചയോടെ ഫോണില്‍ വിളിച്ച് തിരികെയെത്താന്‍ ആവശ്യപ്പെട്ടു. വഴങ്ങിയില്ലെന്ന് മാത്രമല്ല പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് അജിത് പവാര്‍ ട്വീറ്റ് ചെയ്തു.

ട്വിറ്ററില്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയെന്ന് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം പവായിലെ റിനൈസന്‍സ് ഹോട്ടലില്‍ താമസിപ്പിച്ചിട്ടുള്ള എന്‍സിപി എംഎല്‍എമാരെ കാണാന്‍ പവാറും ഉദ്ദവ് താക്കറെയും ഇന്ന് ഒരുമിച്ചെത്തി . ആദിത്യാ താക്കറെയെക്കൊപ്പമുള്ള ഫോട്ടോ ട്വീറ്ററില്‍ പങ്കുവച്ച് സുപ്രിയാ സുലേ ബന്ധവം ശക്തമാണെന്ന സൂചന നല്‍കി. കോണ്‍ഗ്രസ് എംഎല്‍എമാരെ ഇന്ന് രാവിലെ അന്ധേരിയിലെ മാരിയറ്റ് ഹോട്ടലിലേക്കും മാറ്റിയിരുന്നു.

എന്‍സിപി സേനാ കോണ്‍ഗ്രസ് സഖ്യം ദൃഢമാവുന്നതും അജിത് പവാറിന്റെ കരുത്ത് കുറഞ്ഞതും ബിജെപി ക്യാമ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതല്‍ മന്ത്രിസ്ഥാനങ്ങളടക്കം വാഗ്ദാനം ചെയ്ത് ബിജെപിയുടെ രാജ്യസഭാ എം.പി സഞ്ജയ് കാക്‌ഡേ ശരദ് പവാറിന്റെ വസതിയിലെത്തി. എന്നാല്‍ പവാര്‍ വഴങ്ങിയില്ല.

ബിജെപി നേതാക്കള്‍ പവാറിനെ തേടിയെത്തിയതറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പിന്നാലെ ഓടിയെത്തി. വാദ്ഗാനങ്ങളെല്ലാം തള്ളിയെന്ന് പവാര്‍ വിശദീകരിച്ചു. അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റിയെന്നും വിപ്പ് നല്‍കാന്‍ ഇനി അധികാരമില്ലെന്നും കാണിച്ച് എന്‍സിപി രാജ്ഭവനില്‍ ഇന്ന് കത്ത് നല്‍കി. വിശ്വാസവോട്ടെടുപ്പില്‍ ജയിച്ച് കയറാമെന്ന വലിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് എന്‍സിപി ശിവസേന പാര്‍ട്ടികള്‍.

Top