കൊറോണ; ജോലിക്ക് പോകാന്‍ തയ്യാറാകുന്ന പൊലീസച്ഛനെ തടഞ്ഞ് മകൻ; വീഡിയോ വൈറലാകുന്നു

മുംബൈ: കൊറോണ പടര്‍ന്ന് പിടിക്കുന്നതിനാല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി രാത്രി എന്നോ പകലെന്നോ ഇല്ലാതെ നെട്ടോട്ടമോടുകയാണ് രാജ്യത്തെ ഓരോ പൊലീസുകാരും. ഇതിനിടെ പൊലീസുകാരനായ പിതാവിനെ ജോലിക്ക് പോകാന്‍ സമ്മതിക്കാത്ത കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ജോലിക്ക് പോകാന്‍ തയ്യാറാകുന്ന അച്ഛനോട് പുറത്ത് കൊറോണ ഉണ്ടെന്നും ജോലിക്ക് പോകണ്ടെന്നും കുഞ്ഞ് കെഞ്ചി പറയുന്നതാണ് വീഡിയോ. എന്നാല്‍, ആ ഓഫീസര്‍ തന്റെ മകന്റെ അപേക്ഷ പരിഗണിക്കാനാവാതെ, ഡ്യൂട്ടിക്ക് ഇറങ്ങിപ്പോകുന്നു. പുറത്തേക്ക് വിടാതിരിക്കാന്‍ പണിപ്പെടുന്ന കുഞ്ഞിനോട്, തനിക്ക് ഡ്യൂട്ടിക്ക് പോയെ പറ്റൂ എന്നും, ബോസ് നിര്‍ബന്ധമായും സ്റ്റേഷനില്‍ ഹാജരായേ പറ്റൂ എന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് അച്ഛന്‍ പറയുന്നത്. മഹാരാഷ്ട്ര പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് പൊലീസച്ഛന്റെയും മകന്റെയും വീഡിയോ പങ്കുവച്ചിരിക്കുന്നത്.

രാജ്യത്തിന്റെ പലഭാഗത്തും ലോക്ക് ഡൗണ്‍ ലംഘിച്ച പലര്‍ക്കുമെതിരെ പൊലീസ് സ്വീകരിച്ചുപോരുന്ന കടുത്ത നടപടികള്‍ വിവാദമാവുന്നതിനിടെയാണ് വ്യത്യസ്തമായ ഈ വീഡിയോയും വൈറലായത്. നാടും, നാട്ടിലെ ജനങ്ങളും അപകടത്തെ മുഖാമുഖം കണ്ടു നില്‍ക്കുമ്പോള്‍ സ്വന്തം കുടുംബത്തേക്കാളും സുരക്ഷയെക്കാളും ഉപരിയായി, ജനങ്ങളോടുള്ള കടമ നിര്‍വഹിക്കുന്നവരാണ് പൊലീസുകാര്‍ എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടിയാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നതെന്ന് മഹാരാഷ്ട്ര പൊലീസ് പറഞ്ഞു.

Top