എല്ലാവരും ഒരേസമയം ലൈറ്റണച്ചാല്‍ വൈദ്യുതി വിതരണത്തെ ബാധിക്കും: നിതിന്‍ റാവുത്ത്

മുംബൈ: കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാന്‍ ജനങ്ങള്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തില്‍ പ്രതികരിച്ച് മഹാരാഷ്ട്ര ഊര്‍ജ്ജ മന്ത്രി ഡോ.നിതിന്‍ റാവുത്ത്.

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം എല്ലാവരും ഒരേസമയം ലൈറ്റണച്ചാല്‍ വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല വൈദ്യുതി തകരാറിലായാല്‍ കൊറോണക്കെതിരായ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ വരെ താളംതെറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ ലൈറ്റുകളും ഒരേ സമയം ഓഫ് ചെയ്യുന്ന കാര്യം പുനര്‍വിചിന്തനം നടത്തണം. ഇത് വൈദ്യുതി ഗ്രിഡ് തകരാറിലാക്കും. ലോക്ക്ഡൗണ്‍ കാരണം ഫാക്ടറികള്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി ഉപഭോഗം നിലവില്‍ 23,000 മെഗാവാട്ടില്‍ നിന്ന് 13,000 മെഗാവാട്ടായി കുറഞ്ഞിട്ടുണ്ട്. എല്ലാ ലൈറ്റുകളും ഒരേ സമയം അണച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. അങ്ങനെ സംഭവിച്ചാല്‍ സേവനം പുനസ്ഥാപിക്കാന്‍ 12-16 മണിക്കൂര്‍ വരെ എടുത്തേക്കാം. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വൈദ്യുതി ഒരു പ്രധാന സഹായിയാണ് -ഡോ. നിതിന്‍ റാവുത്ത് വ്യക്തമാക്കി.

ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ലൈറ്റുകള്‍ ഓഫാക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്. കൊറോണ വൈറസ് വരുത്തിയ ഇരുട്ടിനെ നേരിടാന്‍ ലൈറ്റണച്ച് മെഴുകുതിരികളും മൊബൈല്‍ ഫോണ്‍ ഫ്‌ളാഷും ഉപയോഗിക്കാനായിരുന്നു നിര്‍ദേശം.

Top