ലോക്ക് ഡൗണ്‍; കാല്‍നടയായി പോയ നാല് കുടിയേറ്റ തൊഴിലാളികള്‍ക്ക്‌ ട്രക്കിടിച്ച് ദാരുണാന്ത്യം

മുംബൈ: ലോക്ക് ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി സ്വന്തം ഗ്രാമത്തിലേക്ക് പോയ നാല് കുടിയേറ്റ തൊഴിലാളികള്‍ ട്രക്കിടിച്ച് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മഹരാഷ്ട്രയില്‍ നിന്ന് രാജസ്ഥാനിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. രമേശ് ഭട്ട് (55), നിഖില് പാണ്ഡ്യ (32), നരേഷ് കലസുവ (18) കലുറാം ഭഗോര (18) എന്നിവരാണ് മരിച്ചത്.

മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ ബഹറോള്‍ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം.
എല്ലാവരും രാജസ്ഥാനിലെ ബസ്വാഡ സ്വദേശികളാണ്. മഹാരാഷ്ട്രയിലെ വസായ് വിഹാറില്‍ നിന്നാണ് ഇവര്‍ കാല്‍നടയായി രാജസ്ഥാനിലേക്ക് തിരിച്ചത്. എന്നാല്‍ മഹരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിയില്‍വെച്ച് അധികൃതര്‍ ഇവരെ തടഞ്ഞ് തിരിച്ചയച്ചു. തുടര്‍ന്ന് വസായിലിലേക്കു തന്നെ തിരിച്ച് വരുന്നതിനിടെയാണ് അതിവേഗതയിലെത്തിയ ട്രക്ക് ഇവരെ പിന്നില്‍ നിന്ന് ഇടിച്ചുതെറിപ്പിച്ചത്.

നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തിന് ശേഷം ഓടിരക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

മുംബൈയിലെ വിവിധ ചായക്കടകളിലും കാന്റീനികളിലുമായി ജോലി ചെയ്തിരുന്ന ഇവര്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടാണ് വാസയില്‍ നിന്ന് രാജസ്ഥാനിലേക്ക് തിരിച്ചത്.

Top