പരോളിനിറങ്ങി മുങ്ങിയ ഡോക്ടര്‍ ബോംബ് പിടിയില്‍

മുംബൈ: പരോളില്‍ ഇറങ്ങി മുങ്ങിയ ഡോക്ടര്‍ ബോംബ് എന്നറിയിപ്പെടുന്ന ജലീസ് അന്‍സാരി പിടിയില്‍. ഉത്തര്‍പ്രദേശിലെ കാണ്പൂരില്‍ വെച്ചാണ് പ്രതി പിടിയിലായത്. 1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതിയാണ് ഇയാള്‍. സുപ്രീം കോടതിയാണ് ഇയാള്‍ക്ക് 21 ദിവസത്തെ പരോള്‍ അനുവദിച്ചത്. തുടര്‍ന്ന് ജലീസ് പരോള്‍ അവസാനിക്കുന്ന വെള്ളിയാഴ്ച തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുങ്ങിയതായി പൊലീസിന് വ്യക്തമായത്.

അമ്പതോളം മറ്റ് സ്ഫോടനക്കേസുകളും ഇയാളുടെ പേരിലുണ്ട്. സൗത്ത് മുംബൈ മോമിന്‍പുര സ്വദേശിയാണ് ജലീസ്. രാജസ്ഥാനിലെ അജ്മേര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ പരോളിനിറങ്ങിയത്. തുടര്‍ന്ന് പരോള്‍ കഴിയുന്നത് വരെ എല്ലാ ദിവസവും മുംബൈ അഗ്രിപദ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമായിരുന്നു. എന്നാല്‍, പരോള്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായ വ്യാഴാഴ്ച ജലീസ് ഒപ്പിടാനെത്തിയില്ല.

മാത്രമല്ല, പുലര്‍ച്ചെ നിസ്‌കരിക്കാനായി പള്ളിയില്‍ പോയ പിതാവ് വീട്ടില്‍ എത്തിയിട്ടില്ല എന്ന് അന്‍സാരിയുടെ മകന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.മകന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ബോംബ് നിര്‍മിക്കുന്നതില്‍ വിദഗ്ധനായ അന്‍സാരി സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 2008ലെ മുംബൈ ബോംബ് സ്ഫോടവുമായി ബന്ധപ്പെട്ട് എന്‍ഐഎ 2011ല്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു.

Top