കൊറോണ; ധാരാവിയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ക്ക് സ്ഥിരീകരിച്ചു

മുംബൈ: കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ധാരാവിയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

ധാരാവിയില്‍ 35കാരനായ ഡോക്ടറും കുടുംബവും താമസിച്ചിരുന്ന കെട്ടിടം അടച്ചുപൂട്ടുകയും കുടുംബാംഗങ്ങളെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും.

ധാരാവിയിലെ ക്ലിനിക്ക് കൂടാതെ സ്വകാര്യ ആശുപത്രിയില്‍ സര്‍ജനായും ഡോക്ടര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഡോക്ടറുടെ യാത്രാവിവരങ്ങളും ഇടപഴകിയ വ്യക്തികളെയും കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി ബ്രഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ 56 കാരന്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇയാള്‍ താമസിച്ചിരുന്ന കെട്ടിടം സര്‍ക്കാര്‍ ഒഴിപ്പിക്കുകയും മുഴുവന്‍ താമസക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

മാത്രമല്ല ഈ പ്രദേശത്ത് തൂപ്പുജോലി ചെയ്തിരുന്ന വേര്‍ളി സ്വദേശിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ധാരാവി പ്രദേശത്തെ 2500 ഓളം പേരെ നിരീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇപ്പോള്‍ നിലവില്‍ രാജ്യത്ത് എട്ടു ഡോക്ടര്‍മാരാണ് കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്.

Top