കൊറോണ സംശയം; ദുബായില്‍ നിന്നെത്തിയ 11 പേര്‍ ഐസൊലേഷനില്‍ നിന്ന് ചാടിപ്പോയി

മുംബൈ: കൊറോണ വൈറസ് ലോകരാജ്യങ്ങളില്‍ ഭീതി വിതച്ച് പടര്‍ന്ന് പിടിക്കുമ്പോള്‍ കനത്ത നിയന്ത്രണങ്ങളും മുന്‍കരുതലുകളുമാണ് എല്ലാ സംസ്ഥാന സര്‍ക്കാരുകളും പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനായി ആരോഗ്യവകുപ്പ് അധികൃതര്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. എന്നാല്‍ ഈ കഷ്ടപ്പാടിനിടയിലും അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയാണ് ചില വിരുതന്‍മാര്‍.

ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഐസൊലേഷനില്‍
പാര്‍പ്പിച്ചിരുന്ന 11 പേര്‍ മുങ്ങിയ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നവി മുംബൈയിലെ ഒരു ആശുപത്രിയിലാണ് സംഭവം.

ദുബായില്‍ നിന്നെത്തിയ ഇവര്‍ വാര്‍ഡില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇവരുടെ പരിശോധനാ ഫലം വരാനിരിക്കെയാണ് ഇവര്‍ വാര്‍ഡില്‍ നിന്നും ഇറങ്ങിയോടിത്. എന്നാല്‍ കൂട്ടത്തില്‍ ഒരാളുടെ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

നേരത്തെ ദുബായില്‍ നിന്നെത്തിയ 11 അംഗ സംഘത്തെ പരിശോധനകള്‍ക്ക് ശേഷമാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.

അതേസമയം, ദുബായില്‍ ക്രിക്കറ്റ് മത്സരം കളിക്കാനുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ മുങ്ങിയതെന്നും വാര്‍ത്തകളുണ്ട്.നവി മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനും ലോക്കല്‍ പൊലീസും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 115 ആയി ഉയര്‍ന്നു. കൂടുതല്‍ രോഗ ബാധിതര്‍ മഹാരാഷ്ട്രയിലാണ്. 33ഓളം പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

Top