കോവിഡ് വ്യാപനത്തില്‍ വുഹാനെ മറികടന്ന് മുംബൈ;കോവിഡില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര

മുംബൈ: കോവിഡ് വ്യാപനത്തില്‍ ചൈനയിലെ പ്രഭവ കേന്ദ്രമായ വുഹാനെ മറികടന്ന് മുംബൈ.ബുധനാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ മുംബൈയില്‍ 51,100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1760 രോഗികള്‍ മരണപ്പെടുകയും ചെയ്തു.

നിലവില്‍ വുഹാനെക്കാള്‍ 700 കോവിഡ് കേസുകള്‍ മുംബൈയില്‍ അധികമായുള്ളത്. 3,869 മരണങ്ങളുള്‍പ്പെടെ 50,333 കോവിഡ് കേസുകളാണു വുഹാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഇതുവരെ 90,787 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.42,638 പേര്‍ ഇതിനകം രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 2,259 പേര്‍ക്കു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 120 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 3289 ആയി ഉയര്‍ന്നു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയില്‍ രോഗവ്യാപനം തുടരുകയാണ്. അതേസമയം ലോക്ഡൗണ്‍ ഇളവുകളുമായി മുന്നോട്ടുപോകുകയാണ് മഹാരാഷ്ട്ര. 15 ശതമാനം ജീവനക്കാരുമായി സര്‍ക്കാര്‍ ഓഫിസുകള്‍ക്കു പ്രവര്‍ത്തിക്കുന്നതിനു കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ 10 ശതമാനം ജീവനക്കാരുമായി ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പ്ലമര്‍, ഇലക്ട്രീഷ്യന്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുമുണ്ട്.

അതേസമയം സംസ്ഥാനത്തെ ആരാധനാലയങ്ങള്‍, ഷോപിങ് മാളുകള്‍, ഹോട്ടല്‍, റസ്റ്ററന്റ് എന്നിവ ഇതുവരെ തുറന്നിട്ടില്ല.

Top