മുംബൈയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കും; കേസുകള്‍ കുറയുന്നു

മുംബൈ: മുംബൈയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് മേയര്‍ കിഷോരി പെഡ്നേക്കര്‍. ഫെബ്രുവരി അവസാനത്തോടെ മുംബൈയില്‍ അണ്‍ലോക്ക് നിലവില്‍ വരും. രാജ്യവ്യാപകമായി കൊവിഡ് കേസുകള്‍ കുറയുന്നതിനാലാണ് തീരുമാനമെന്നും മേയര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബീച്ചുകള്‍, പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയും ഭാഗീകമായി തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. നീന്തല്‍ക്കുളങ്ങളും വാട്ടര്‍ പാര്‍ക്കുകളും ഭരണകൂടം അനുവദിച്ചിരുന്നു. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സാധാരണ സമയത്തിനനുസരിച്ച് തുറക്കും. ആഴ്ചതോറുമുള്ള ബസാറുകള്‍ സാധാരണ സമയത്തിനനുസരിച്ച് തുറന്നിരിക്കുമെന്നും പുതുക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു.

നിലവില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കരുത്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പെഡ്‌നേക്കര്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതോടെ നഗരത്തില്‍ ഇളവുകള്‍ വരുത്തിയിരുന്നു. ഫെബ്രുവരി 1 ന് രാത്രി കര്‍ഫ്യൂ പിന്‍വലിക്കുകയും 50 ശതമാനം ശേഷിയോടെ റെസ്റ്റോറന്റുകള്‍, തിയേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്തു.

 

 

Top