ലോകത്തിലെ ഏറ്റവും വലിയ സംഗീതോത്സവത്തിന് മുംബൈ വേദിയാകും

ലോകത്താകമാനമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിക്കുന്ന ലോലപലൂസ, ലോകത്തിലെ ഏറ്റവും വലിയ സംഗീത പരിപാടികളിലൊന്നാണ് അസാധാരണ സംഗീതത്തിന്റെ അസാധാരണ ഉത്സവം. മെറ്റാലിക്ക, പോള്‍ മക്കാര്‍ട്ട്‌നി, ലേഡി ഗാഗ, ദുഅ ലിപ, കാനി വെസ്റ്റ് തുടങ്ങിയ വന്‍നിര ബാന്‍ഡുകളും ആര്‍ട്ടിസ്റ്റുകളും ഈ പരിപാടിയുടെ ഭാഗമാവാറുണ്ട്. ഇപ്പോള്‍ ലോലപലൂസയ്ക്ക് ഇന്ത്യ വേദിയാകുന്നു എന്ന വാര്‍ത്തയാണ്‌ പുറത്തുവരുന്നത്.

ലോലപലൂസയുടെ ആദ്യ ഏഷ്യൻ വേദിയായി ഇന്ത്യയെ തിരഞ്ഞെടുത്തതായാണ് വാര്‍ത്തകള്‍. ലോലപലൂസ ഇന്ത്യയുടെ ആദ്യ സം​ഗീതോത്സവം 2023 ജനുവരിയില്‍ മുംബൈയിലാണ് സംഘടിപ്പിക്കുന്നത്. സാധാരണഗതിയില്‍ രണ്ട് മുതല്‍ നാല് ദിവസം വരെ നീണ്ടുനില്‍ക്കുന്ന സംഗീതോത്സവമാണ് ലോലപലൂസയില്‍ ഉണ്ടാവുക. ഇന്ത്യന്‍ എഡിഷനില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് നടക്കുകയെന്നാണ് അറിയുന്നത്.

ഇന്ത്യന്‍ എഡിഷനില്‍ ഏതൊക്കെ കലാകാരന്മാരാണ് എത്തുക എന്ന വിവരങ്ങളൊന്നും സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല. അറുപതിനായിരത്തിലധികം ആരാധകര്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുക. അതേസമയം ഈ വര്‍ഷത്തെ ലോലപലൂസ വ്യാഴാഴ്ച മുതല്‍ ചിക്കാഗോയില്‍ ആരംഭിച്ചു. ചിക്കാഗോ ഗ്രാന്‍ഡ് പാര്‍ക്കില്‍ നടക്കുന്ന പരിപാടി 31 ന് അവസാനിക്കും.

അമേരിക്കന്‍ ഗായകനായ പെറി ഫരലാണ് 1991ല്‍ ലോലപലൂസ ആരംഭിക്കുന്നത്. ജെയ്ന്‍സ് അഡിക്ഷന്‍ എന്ന മ്യൂസിക് ബാന്‍ഡിന്റെ ഭാഗമായിരുന്ന പെറി തങ്ങളുടെ വിടവാങ്ങല്‍ ടൂര്‍ എന്ന നിലയിലാണ് പരിപാടി ആരംഭിച്ചത്. വൈകാതെ ലോലപലൂസ ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഗീത ഉത്സവമായി മാറുകയായിരുന്നു.

Top