നിര്‍മ്മാണ മേഖലയില്‍ ജിഎസ്ടി വലിയ നേട്ടമുണ്ടാക്കി; പഠന റിപ്പോര്‍ട്ട് പുറത്ത്‌

മുംബൈ: രാജ്യത്ത് വീടുണ്ടാക്കാന്‍ ഏറ്റവും ചെലവേറിയ നഗരം മുംബൈയാണെന്ന് പഠന റിപ്പോര്‍ട്ട്. സ്‌ക്വയര്‍ ഫീറ്റിന് 3,125 രൂപയാണ് ശരാശരി ചെലവ്. ഡല്‍ഹിയും പൂനെയുമാണ് തൊട്ടു പിന്നില്‍. 2,750 രൂപയാണ് ഇവിടുത്തെ ചെലവ്. 2,500 രൂപയുമായി ബംഗളൂരുവും ചൈന്നെയും അതിനും പുറകില്‍ തന്നെയുണ്ട്. ഹൈദരാബാദില്‍ ശരാശരി ചെലവ് 2,375 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. എസ്ബിആര്‍ഇ എന്ന കമ്പനി നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍.

മുംബൈയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെങ്കിലും അതില്‍ തന്നെ എഞ്ചിനീയര്‍മാരുടെ ഫീസ് ഘടനയനുസരിച്ച് ചെലവില്‍ വ്യത്യാസം വരാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജിഎസ്ടി നിലവില്‍ വന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലയില്‍ സ്ഥിരത കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും നഗരപ്രദേശങ്ങളില്‍ 2025ഓടെ 8.2 ബില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റ് നിര്‍മ്മാണം നടക്കുമെന്നും ഇത് 17 മില്ല്യണ്‍ ആളുകള്‍ക്ക് ജോലി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിമന്റ് വില കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ മൂന്നിരട്ടിയായി. സ്റ്റീല്‍ വില 2005 ഏപ്രില്‍ മുതല്‍ 2017 നവംബര്‍ വരെ ഇരട്ടിയായി. ജിഎസ്ടി റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ ഉണര്‍വ്വ് ഉണ്ടാക്കി. എല്ലായിടത്തും ഒരേ നികുതി സംവിധാനമായതിനാല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികളില്‍ നിന്നു തന്നെ നിര്‍മ്മാണത്തിന് ആവശ്യമായ കാര്യങ്ങള്‍ നേരിട്ട് വാങ്ങാന്‍ സാധിക്കുന്നതായി സിബിആര്‍ഇയുടെ ചെയര്‍മാന്‍ അന്‍ഷുമാന്‍ അഭിപ്രായപ്പെട്ടു. റിയല്‍ എസ്റ്റേറ്റും സൗകര്യ വികസന മേഖലയും വളര്‍ച്ചയുടെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടി നിലവില്‍ വന്നത് തന്നെ അന്തര്‍ സംസ്ഥാന നികുതി രംഗത്തും അതുവഴി സാമ്പത്തിക മേഖലയ്ക്കും വലിയ നേട്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

Top