ബഗാനെ തകർത്ത് മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

ഫറ്റോർഡ: കഴിഞ്ഞ സീസണിലെ ഫൈനൽ തോൽവിയുടെ ഓർമകളിൽനിന്ന് എടികെ മോഹൻ ബഗാനു മോക്ഷമില്ല. ബഗാനെ 5–1നു തകർത്ത് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി.

കഴിഞ്ഞ സീസണിലെ കലാശപ്പോരാട്ടത്തിൽ ബഗാനെ 2–1നു തോൽപിച്ചാണ് മുംബൈ കിരീടം ചൂടിയത്. ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ മുംബൈയ്ക്കു വേണ്ടി ഇന്ത്യൻ കൗമാരതാരം വിക്രം പ്രതാപ് സിങ് ഇരട്ടഗോൾ നേടി.

4, 25 മിനിറ്റുകളിലായിരുന്നു പത്തൊമ്പതുകാരനായ വിക്രമിന്റെ ഗോളുകൾ. ഇഗോർ അംഗുലോ (38), മൊർത്താദ ഫോൾ (47), ബിപിൻ സിങ് (52) എന്നിവരും ലക്ഷ്യം കണ്ടു. പകരക്കാരൻ ഡേവിഡ് വില്യംസ് (60) ബഗാന്റെ ആശ്വാസഗോൾ നേടി.  46–ാം മിനിറ്റിൽ ദീപക് ടാംഗ്രി ചുവപ്പു കാർഡ് കണ്ട് പുറത്തു പോയത് ബഗാനു തിരിച്ചടിയായി.

Top