മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക്; കുടുംബം മൂന്ന് ദിവസം യാത്ര ചെയ്തത് വെള്ളം മാത്രം കുടിച്ച്

ലഖ്‌നൗ: ലോക്ക്ഡൗണില്‍ തൊഴിലിടങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ കൂട്ടപാലായനം നടത്തുകയാണ്. ആവശ്യത്തിനുള്ള വാഹന സൗകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ട് തന്നെ പലരും കാല്‍ നടയായിട്ടാണ് യാത്ര ചെയ്യുന്നത്. ഇത്തരത്തില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച ഒന്നര വയസുകാരി ഉള്‍പ്പെടെയുള്ള കുടുംബം മൂന്ന് ദിവസം ചെലവഴിച്ചത് വെള്ളം മാത്രം കുടിച്ചാണ്.

ആശിഷ് വിശ്വകര്‍മയ്ക്കും കുടുംബത്തിനുമാണ് ലോക്ക്ഡൗണിനിടയിലെ യാത്ര ദുരിതപൂര്‍ണമായത്. മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ജുവാന്‍പൂരിലേക്ക് യാത്ര തിരിച്ചതായിരുന്നു മൂന്നുപേരടങ്ങുന്ന ഈ കുടുംബം. വിദ്യാവിഹാറില്‍ ആശാരിപ്പണിയെടുത്ത് ജീവിക്കുന്ന ആശിഷ് വിശ്വകര്‍മ കുടുംബത്തോടൊത്ത് നല്ലസോപരയിലായിരുന്നു താമസം. എന്നാല്‍, മാര്‍ച്ച് 22ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ നാടുകളിലേക്ക് പേകാന്‍ തുടങ്ങിയതോടെ ആശിഷും മടങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ ഉത്തര്‍പ്രദേശിലേക്ക് പോകുന്ന ഒരു ട്രക്കില്‍ 6000 രൂപ നല്‍കി കുടുംബത്തിന് ഇരിപ്പിടമുറപ്പിച്ചു. ആദ്യം 35 പേര്‍ ഒപ്പമുണ്ടാകുമെന്നാണ് ഡ്രൈവര്‍ പറഞ്ഞതെങ്കിലും ഒടുവിലത് 50 പേരിലെത്തി.

പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് അഭ്യൂഹം പരന്നതോടെ മെയ് 10ന് രാത്രി യാത്ര തിരിക്കുമെന്ന് പറഞ്ഞ ട്രക്ക് വൈകുന്നേരം തന്നെ യാത്ര പുറപ്പെട്ടു. അതുകൊണ്ടു തന്നെ ഭക്ഷണം കരുതാന്‍ ഇവര്‍ക്ക് സാധിച്ചില്ല. വിശപ്പകറ്റാന്‍ മറ്റ് മാര്‍ഗമില്ലാതായതോടെ വെള്ളം കുടിച്ചാണ് ഇവര്‍ വിശപ്പും ദാഹവും അകറ്റിയത്. ”കുഞ്ഞിന് കലക്കി കൊടുക്കാനുള്ള പാല്‍പൊടി കൈയിലുണ്ടായിരുന്നു. അതിനും ശുദ്ധ ജലം ആവശ്യമായിരുന്നു.

ചൂട് സഹിക്കാനാവാതെ യാത്രയിലുടനീളം കുഞ്ഞ് വല്ലാതെ കരഞ്ഞു.” – ആശിഷ് വിശ്വകര്‍മ പറയുന്നു. പിന്നീട് മെയ് 14നാണ് ആശിഷും കുടുംബവും ജുവാന്‍പൂരിലെത്തിയത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം കഴിയുന്ന രണ്ടര വയസുള്ള മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ മറ്റ് അംഗങ്ങളില്‍ നിന്ന് അകലം പാലിച്ച് വീടിന് അടുത്തുള്ള പാടത്താണ് വിശ്വകര്‍മ ഇപ്പോള്‍ കഴിയുന്നത്.

Top