രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ മുംബൈ മികച്ച സ്‌കോറിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ മുംബൈ മികച്ച സ്‌കോറിലേക്ക്. മൂന്നാം ദിനം ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്‌സില്‍ മുംബൈയ്ക്ക് ഇപ്പോള്‍ 196 റണ്‍സിന്റെ ലീഡുണ്ട്. ഒരു ദിവസവും രണ്ട് സെഷനും ബാക്കി നില്‍ക്കെ മുംബൈ ശക്തമായ സ്‌കോറിലേക്ക് നീങ്ങുകയാണ്.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ മുംബൈ 251 റണ്‍സിന് പുറത്തായിരുന്നു. ഇതിന് മറുപടിയായി ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന് 244 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അവസാന ആറ് വിക്കറ്റുകള്‍ 23 റണ്‍സിനിടെ വീണതോടെയാണ് കേരളത്തിന് ലീഡ് നേടാന്‍ കഴിയാതെ പോയത്.

വിക്കറ്റ് നഷ്ടമില്ലാതെ 105 എന്ന നിലയിലാണ് മുംബൈ മൂന്നാം ദിനം ബാറ്റിംഗ് പുഃനരാരംഭിച്ചത്. 73 റണ്‍സെടുത്ത ജയ് ബിത്സയുടെയും 88 റണ്‍സെടുത്ത ഭൂപന്‍ ലവ്ലാനിയുടെയും വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമായി. ബിത്സയെ എം ഡി നിതീഷും ലവ്ലാനിയെ ശ്രേയസ് ഗോപാലും വീഴ്ത്തി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 11 റണ്‍സെടുത്ത് ക്രീസിലുണ്ട്.

Top