mumbai terror attacks carried out by group based in pakistan ex pakistan nsa

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയെന്ന് പാകിസ്ഥാന്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ) മഹ്മൂദ് അലി ദുറാനിയുടെ വെളിപ്പെടുത്തല്‍.

അതേസമയം പാകിസ്ഥാന്‍ സര്‍ക്കാരിന് ഇതില്‍ യാതൊരുവിധ പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദം വിഷയത്തെ ആസ്പദമാക്കി ഡല്‍ഹിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് മുംബൈ ആക്രമണത്തിനു പിന്നിലെന്ന് ഇന്ത്യയുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ലഷ്‌കര്‍ ഇ ത്വയിബയാണ് ആക്രമണത്തിനു പിന്നിലെന്ന ഇന്ത്യയുടെ വാദവും അദ്ദേഹം അംഗീകരിച്ചു. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ വാദം ആദ്യമായാണ് ഒരു പാക് ഉദ്യോഗസ്ഥന്‍ അംഗീകരിക്കുന്നത്.

പാകിസ്ഥാന്‍ കേന്ദ്രമായ പരമ്പരാഗത തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നും കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇത് നടന്നതെന്നും അദ്ദഹം പറഞ്ഞു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ കൂട്ടുനില്‍ക്കില്ല. ജമാഅത്ത് ഉദ് ദവ ഹാഫിസ് സയീദിനെ പാകിസ്ഥാന്‍ ഉപയോഗിച്ചിട്ടില്ല. ഹാഫിസിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ദുറാനി കൂട്ടിച്ചേര്‍ത്തു.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ അന്വേഷണം നടത്തണമെന്നും ജമാഅത്ത് ഉദ് ദവാ ഗ്രൂപ്പ് തലവന്‍ ഹാഫിസ് സയീദിനെ വിചാരണ ചെയ്യണമെന്നും ഇന്ത്യ നേരത്ത ആവശ്യപ്പെട്ടിരുന്നു. നിലവില്‍ തീവ്രവാദവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാണ് ഹാഫിസ്.

Top