mumbai siva sena says help to congress

sivasena

മുംബൈ: മുംബൈ കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ ശിവസേന കോണ്‍ഗ്രസിന്റെ സഹായം തേടിയതായി റിപ്പോര്‍ട്ട്.

ബി.ജെ.പിയുമായി വീണ്ടും സഖ്യമുണ്ടാക്കുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ നീക്കം. വോട്ടെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുക, അല്ലെങ്കില്‍ പുറത്തുനിന്ന് പിന്തുണക്കുക എന്നീ രണ്ട് നിര്‍ദേശങ്ങളാണ് പരിഗണനയില്‍.

ബി.ജെ.പിയുമായി പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിച്ച ശിവസേനയ്ക്ക് 84 സീറ്റാണ് ലഭിച്ചത്. ബി.ജെ.പി 82 സീറ്റ് നേടി. 31 പേരെ മാത്രമാണ് കോണ്‍ഗ്രസിന് ജയിപ്പിക്കാനായത്.

ഭൂരിപക്ഷം തികയ്ക്കാന്‍ 114 പേരുടെ പിന്തുണ വേണം. സ്വതന്ത്രരായി ജയിച്ച രണ്ട് അംഗങ്ങള്‍ ശിവസേനയില്‍ ചേര്‍ന്നതോടെ അവരുടെ അംഗബലം 86 ആയി. ഇതുകൂടാതെ മറ്റ് രണ്ട് സ്വതന്ത്രര്‍ കൂടി ശിവസേനയെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അപ്പോഴും 88 പേരുടെ പിന്തുണ മാത്രമേ ഉറപ്പുള്ളൂ. ഭൂരിപക്ഷം തികയ്ക്കാന്‍ പിന്നെയും 26 പേരുടെ പിന്തുണ വേണം.

ഇതിനിടെ രാജ് താക്കറേയുടെ എം.എന്‍.എസിന്റെ പിന്തുണയും ശിവസേന തേടിയിട്ടുണ്ട്. രാജ് താക്കറേയുടെ പാര്‍ട്ടിക്ക് 14 സീറ്റുണ്ട് കോര്‍പറേഷനില്‍.

പിണക്കം മറന്ന് ശിവസേന ബി.ജെ.പിയുമായി വീണ്ടും കൈകോര്‍ക്കണം എന്ന നിര്‍ദേശം കേന്ദ്രമന്ത്രിയും മുന്‍ ബി.ജെ.പി അധ്യക്ഷനുമായി നിതിന്‍ ഗഡ്കരി മുന്നോട്ടുവച്ചെങ്കിലും സേന നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ല.

എന്നാല്‍ വീണ്ടും ബി.ജെ.പിക്കൊപ്പം ചേര്‍ന്നാല്‍ പാര്‍ട്ടിയുടെ അവശേഷിക്കുന്ന വോട്ട് ബാങ്കും ബി.ജെ.പിയിലേക്ക് ഒഴുകുകയും പാര്‍ട്ടിയുടെ നിലനില്‍പ് തന്നെ ഭീഷണിയിലാകുമെന്നാണ് ശിവസേനയിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

മറുവശത്ത് ശിവസേനയെ പിന്തുണച്ചാലുണ്ടാകാവുന്ന പ്രത്യാഘാതം കോണ്‍ഗ്രസിനേയും കുഴയ്ക്കുന്നുണ്ട്. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ശിവസേനയെ മുംബൈയില്‍ പിന്തുണച്ചാല്‍ അത് രാജ്യവ്യാപകമായി ദോഷം ചെയ്യുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്.

പ്രത്യേകിച്ചും മതേതര വോട്ടുകള്‍ വിഭജിക്കാതിരിക്കാന്‍ എസ്.പിയുമായി ചേര്‍ന്ന് വിശാല സഖ്യമുണ്ടാക്കി മത്സരിക്കുന്ന സാഹചര്യത്തില്‍ ശിവസേന ബാന്ധവം യു.പിയിലും മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ നഷ് ടപ്പെടാന്‍ അത് കാരണമാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കണക്കുകൂട്ടുന്നു.

യു.പി തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പിന്തുണയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ നീട്ടിവെക്കുകയാണ് തത്കാലം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.

Top