സല്‍മാന്‍ഖാന്റെ വീടിന് ബോംബ് ഭീഷണി; വ്യാജ സന്ദേശമയച്ച 16കാരന്‍ പിടിയില്‍

മുംബൈ: സല്‍മാന്‍ ഖാന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന് വ്യാജ ഇ-മെയില്‍ സന്ദേശമയച്ച പതിനാറുകാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയെയാണ് മുംബൈ പൊലീസ് പിടികൂടിയത്.

‘ഈ സന്ദേശം ലഭിച്ചയുടന്‍ അടുത്ത രണ്ട് മണിക്കൂറിനുളളില്‍ സല്‍മാന്റെ ബാന്ദ്രയിലെ വീട്ടില്‍ ബോംബ് പൊട്ടിത്തെറിക്കും. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തടയൂ’ എന്നായിരുന്നു പോലീസിന് യുവാവ് അയച്ച സന്ദേശം. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസും ബോംബ് സ്‌ക്വാഡും താരത്തിന്റെ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. നാല് മണിക്കൂറോളം പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌റ്റേഷനിലേക്ക് വന്നത് വ്യാജ സന്ദേശമാണെന്ന് പൊലീസ് കണ്ടെത്തിയത്.

സന്ദേശം അയച്ച ആളുടെ പേരും മറ്റു വിവരങ്ങളും ശേഖരിച്ച പോലീസ് ഗാസിയാബാദിലെ പ്രതിയുടെ വീട്ടിലെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജൂവൈനല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ വിട്ടയച്ചു.

പോലീസ് എത്തിയ സമയം സല്‍മാന്‍ ഖാന്‍ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് സലിം ഖാന്‍,മാതാവ് സല്‍മ ഖാന്‍, സഹോദരി അര്‍പ്പിത തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. പരിശോധനയുടെ ഭാഗമായി ഇവരെ മറ്റൊരു സ്ഥലത്തേക്ക് പൊലീസ് മാറ്റിയിരുന്നു.

Top