mumbai – remple – men entry

നാസിക്: തൃംബകേശ്വര്‍ ക്ഷേത്രത്തില്‍ ശ്രീമൂല സ്ഥാനത്തേക്കുള്ള പുരുഷന്മാരുടെ പ്രവേശനം വിലക്കിക്കൊണ്ടുള്ള ഉത്തരവ് നീക്കി. ഏപ്രില്‍ 3 ന് ഇറക്കിയ ഉത്തരവാണ് നീക്കി കൊണ്ട് ക്ഷേത്രഭാരവാഹികള്‍ പുതിയ ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള ശിവ ക്ഷേത്രമാണ് തൃംബകേശ്വര്‍.

സ്ത്രീകള്‍ക്ക് പണ്ട് മുതല്‍ക്കു തന്നെ ക്ഷേത്രത്തില്‍ പ്രവേശനമില്ലായിരുന്നു. ലിംഗ വിവേചനമാണ് ക്ഷേത്രത്തില്‍ നിലനില്‍ക്കുന്നതെന്ന് ചൂണ്ടികാണിച്ച് പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുരുഷന്മാര്‍ക്കു കൂടി ശ്രീമൂലസ്ഥാനത്തേക്കുള്ള പ്രവേശനം ക്ഷേത്രം ട്രസ്റ്റ് വിലക്കിയത്.

എന്നാല്‍ ഇത് കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്നാണ് തൃംബകേശ്വര്‍ ദേവസ്ഥാനം ട്രസ്റ്റ് യോഗം ചേര്‍ന്ന് വിലക്ക് നീക്കുന്നതായി അറിയിച്ചത്.

എന്നാല്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനം സംബന്ധിച്ച് ഒന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും തീരുമാനിച്ചിട്ടില്ലെന്നും ക്ഷേത്രം ട്രസ്റ്റ് അംഗവും തൃംബകേശ്വര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥനുമായ നിവ്രുട്ടി നഗേരെ പറഞ്ഞു.

നിരോധനം നീക്കിയ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ ആറ് മണിമുതല്‍ ക്ഷേത്രത്തില്‍ പുരുഷന്മാരുടെ തിരക്കായിരുന്നു. സ്ത്രീകള്‍ക്കുള്ള പ്രവേശനം സംബന്ധിച്ച് ബോംബെ ഹൈക്കോടതിയുടെ ഉപദേശം സ്വീകരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

Top