മഴയുടെ ശക്തി കുറഞ്ഞു; ആറാംദിവസം സാധാരണനിലയിലേക്കെത്തി മുബൈ നഗരം

മുബൈ: മഴ നാശം വിതച്ച മുബൈ നഗരം ആറാംദിവസം സാധാരണനിലയിലേക്കെത്തി. ചൊവ്വാഴ്ച വൈകീട്ടോടെത്തന്നെ മഴയുടെ ശക്തി കുറഞ്ഞിരുന്നു. എന്നാല്‍ തീവണ്ടിപ്പാളങ്ങളിലും മറ്റും കെട്ടിക്കിടന്ന വെള്ളം ഒഴിഞ്ഞുപോകാന്‍ താമസിച്ചതും മോട്ടോര്‍ ബോക്‌സില്‍ വെള്ളംകയറിയതുമൂലം ലോക്കല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയാതായതുമാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ ഈ വണ്ടികളെല്ലാം നീക്കുകയും വെള്ളം ഒഴിഞ്ഞുപോകുകയുംചെയ്തതോടെ നഗരം സാധാരണനിലയിലേക്കെത്തി.

ശക്തമായ മഴയെ തുടര്‍ന്ന് പ്രഖ്യാപിച്ച അവധിക്ക് ശേഷം ബുധനാഴ്ച പല ഓഫീസുകളിലും ഹാജര്‍നില ഉയര്‍ന്നു. ജൂലായ് മൂന്നിന് വൈകീട്ടോടെ മഴ വീണ്ടും ശക്തമാകുമെന്ന് നേരത്തെ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ അധികപേരും നേരത്തെ ജോലി അവസാനിപ്പിക്കുകയുംചെയ്തു. ബുധനാഴ്ച എല്ലാ സ്‌കൂളുകളും തുറന്നുപ്രവര്‍ത്തിച്ചു.

Top