എണ്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ തെരുവുകളില്‍ വീണ്ടും കുതിരക്കുളമ്പടി ശബ്ദം മുഴങ്ങും

മുംബൈ: എണ്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ തെരുവുകളില്‍ വീണ്ടും കുതിരപ്പോലീസിനെ വിന്യാസിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ശിവജി പാര്‍ക്കില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് ശേഷം നഗരത്തില്‍ പട്രോളിങ് നടത്താനായി പൊലീസുകാരെ കുതിരപ്പുറത്ത് വിന്യസിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.

മുംബൈ പോലീസിന് നിലവില്‍ ആധുനിക ജീപ്പുകളും മോട്ടോര്‍ബൈക്കുകളും ലഭ്യമാണെങ്കിലും ജനങ്ങള്‍ കൂടുതലായി പാര്‍ക്കുന്ന തിരക്കേറിയ ഇടങ്ങളിലെ പട്രോളിംഗ് ലക്ഷ്യമിട്ടാണ് കുതിരപ്പോലീസിനെ വിന്യസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് കുതിരപ്പോലീസ് നിരത്തിലിറങ്ങുന്നത്. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ 1932 മുതലാണ് മുംബൈയില്‍ കുതിരപ്പുറത്തുള്ള പട്രോളിങ് നിര്‍ത്തലാക്കിയത്.

സബ് ഇന്‍സ്‌പെക്ടര്‍, ഒരു അസിസ്റ്റന്റ് പിഎസ്‌ഐ, നാല് ഹവീല്‍ദാര്‍മാര്‍, 32 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കൊപ്പമാകും 30 കുതിരകളെ കൂടി വിന്യസിക്കുക. അടുത്ത ആറുമാസത്തിനകം ഇത് പ്രായോഗിമാക്കും. ഇപ്പോള്‍ 13 കുതിരകളാണുള്ളത്. പൂന, നാഗ്പുര്‍ എന്നിവിടങ്ങളിലും കുതിരപ്പോലീസിനെ വിന്യസിക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ട്.

Top